എറണാകുളം: തട്ടേക്കാട് പക്ഷിസങ്കേതം ഉൾകൊള്ളുന്ന പ്രദേശങ്ങൾ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. വിവരം പുറത്തു വന്നതോടെ നാട്ടുകാർ ആശങ്കയിലാണ്. ഏഷ്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാണ് പെരിയാർ തീരത്തുള്ള തട്ടേക്കാട്. ലോക പ്രശസ്ത പക്ഷി ഗവേഷകനായ ഡോ.സലീം അലിയുടെ പേരിലുള്ളതാണ് തട്ടേക്കാട് പക്ഷിസങ്കേതം. പുഴകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം പക്ഷികളുടെ പറുദീസ എന്നാണ് അറിയപ്പെടുന്നത്. പക്ഷി സങ്കേതത്തോട് ചേര്‍ന്ന് ജനവാസ മേഖലയാണ്. ഇതിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലാകും പരിസ്ഥിതി ലോല മേഖലയാക്കി മാറ്റുന്നത്. സാധാരണക്കാരും കർഷകരും ഉൾപ്പെടെ വർഷങ്ങളായി കൃഷിചെയ്ത് ഉപജീവനം നടത്തിവരുന്നവർക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരടു വിജ്ഞാപനം ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.
തട്ടേക്കാട് പക്ഷിസങ്കേത പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി - Thattekkad
സാധാരണക്കാരും കർഷകരും ഉൾപ്പെടെ വർഷങ്ങളായി കൃഷിചെയ്ത് ഉപജീവനം നടത്തിവരുന്നവർക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരടു വിജ്ഞാപനം ആശങ്കയുണ്ടാക്കിയിരിക്കുകയാണ്

ആകെ 28.444 ച.കിലോമീറ്ററാകും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുക. നാട്ടുകാരുമായി ചർച്ച നടത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയുളള റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകേണ്ടതുണ്ട്. ലോക ടൂറിസം മാപ്പിൽ ഇടം നേടിയ തട്ടേക്കാട്, സ്വദേശികളും വിദേശികളുമായി നിരവധി സഞ്ചാരികൾ എത്തുന്നു. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും കൂടിയാണ്. തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. വനമേഖലക്കടുത്ത പ്രദേശങ്ങളിലെ ആന ഉൾപ്പെടെയുള്ള വന്യ ജീവി ശല്യം ഒരു വശത്ത് രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം പ്രദേശവാസികൾക്ക് കനത്ത പ്രഹരമാകും. വിനോദസഞ്ചാര മേഖലയിൽ പുതിയ തൊഴിൽ സംരംഭങ്ങളും കാർഷിക രംഗത്ത് നൂതന പദ്ധതികളും വന്നാൽ മാത്രമേ ഈ രംഗത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുകയുള്ളൂ. പഴയ ആലുവ-മൂന്നാർ രാജപാതയിലെ തട്ടേക്കാട് മുതൽ ഉരുളൻ തണ്ണി വരെ 25.16 ച.കിലോമീറ്ററിലാണ് തട്ടേക്കാട് പക്ഷി സങ്കേതമേഖലയായി അംഗീകരിച്ചിട്ടുള്ളത്. പരിസ്ഥിതി ദുർബല മേഖലയാക്കുമ്പോൾ പ്രാദേശിക ജനവാസ മേഖലാ പ്രശ്നങ്ങളിൽ ആഴത്തിലുള്ള പഠനവും പരിഹാര മാർഗങ്ങളും ഉണ്ടാകണമെന്ന ആവശ്യമാണ് നാട്ടുകാർക്ക് ഉള്ളത്. പെരിയാറിന് മറുകരയായ കീരംപാറ പഞ്ചായത്തിനും പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.