എറണാകുളം :ഭാവിയിൽ ബോട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളടങ്ങിയ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ജീവൻരക്ഷാ ഉപകരണങ്ങൾ എല്ലാ ബോട്ടിലുമുണ്ടാകണം,ലൈഫ് ജാക്കറ്റ് ഉപയോഗിക്കാതെ യാത്ര അനുവദിക്കരുത്, ഓവർലോഡിങ് തടയണം തുടങ്ങിയ നിര്‍ദേശങ്ങടങ്ങിയ ഇടക്കാല ഉത്തരവാണ് ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ചത്. താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസ് പരിഗണിക്കവെയാണ് കോടതി ഇടക്കാല ഉത്തരവിട്ടത്.
ഇടക്കാല ഉത്തരവില്‍ എന്തെല്ലാം :കേസ് പരിഗണിച്ച കോടതി അഡ്വ.വി.എം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഭാവിയിൽ ബോട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ കോടതി നിര്‍ദേശിക്കുന്ന നടപടികളുമായി സഹകരിക്കുമെന്ന് സർക്കാറും കോടതിയെ അറിയിച്ചു. ഇതുപ്രകാരം എല്ലാ ബോട്ടുകളിലും യാത്രക്കാർക്ക് കാണാൻ പറ്റും വിധം ഉൾക്കൊള്ളാനാകുന്ന ആളുകളുടെ എണ്ണം എഴുതണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു.
ഓവർലോഡിങ് തടയണമെന്നും ജീവൻരക്ഷാ ഉപകരണങ്ങൾ എല്ലാ ബോട്ടിലുമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. ലൈഫ് ജാക്കറ്റ് അടക്കം ഉപയോഗിക്കാതെ യാത്ര അനുവദിക്കരുത്. ബോട്ടുകളിൽ സഞ്ചരിക്കുന്നവരുടെ രജിസ്‌റ്റർ സൂക്ഷിക്കണം. പരമാവധി യാത്രക്കാരുടെ എണ്ണമെഴുതിയ ബോർഡുകൾ ഇംഗ്ലീഷിലും മലയാളത്തിലും ബോട്ടുകളിൽ സ്ഥാപിക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ അറിയിച്ചു. അതേസമയം കേസ് ജൂൺ ഏഴിലേക്ക് മാറ്റി. മാത്രമല്ല ഡിടിപിസി ഉള്‍പ്പടെയുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടിസ് അയയ്ക്കുകയും ചെയ്‌തു.
സര്‍ക്കാരിനോട് കോടതി :സര്‍ക്കാരിനുനേരെ കോടതിയുടെ ഭാഗത്തുനിന്ന് ശക്തമായ താക്കീതുമുണ്ടായി. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു. അനുവദനീയമായതിലും കൂടുതൽ ആളുകൾ ബോട്ടിൽ കയറിയെന്ന് സമ്മതിക്കുന്നില്ലേ. എങ്കിൽ ഇത്തരം നിയമലംഘനം തടയാൻ നടപടികൾ വേണ്ടേ. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം, മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കാര്യങ്ങളാണ് കോടതിയുടെ പരിഗണനയിലെന്നും ബഞ്ച് അറിയിച്ചു.
കക്ഷി ചേരല്‍ അപേക്ഷയില്‍ പ്രതികരണം:മരിച്ചവരിലൊരാളുടെ ബന്ധു കേസില്‍ കക്ഷി ചേരാന്‍ കോടതിയില്‍ അപേക്ഷ നൽകിയിരുന്നു. അപകടത്തില്‍ മരിച്ച കുട്ടിയുടെ അമ്മ നൽകിയ ഈ കക്ഷി ചേരൽ അപേക്ഷയെ സർക്കാർ എതിർത്തു. എന്നാല്‍ കക്ഷി ചേരൽ അപേക്ഷയെ എന്തിന് എതിർക്കുന്നുവെന്നായിരുന്നു സർക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം. അപേക്ഷകയുടെ വൈകാരിക അവസ്ഥ കൂടി മനസിലാക്കൂവെന്നും ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോയെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
അപകടം റിപ്പോര്‍ട്ടില്‍ :ജില്ല കലക്‌ടര്‍ കോടതിയില്‍ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചിരുന്നു. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37 പേരാണെന്നും, 22 പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓവർലോഡിങ്ങാണ് അപകടത്തിന് കാരണമായതെന്നും കലക്‌ടറുടെ റിപ്പോർട്ട് പറയുന്നു. പെരുന്നാൾ സമയത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിരുന്നുവെന്നും, നിർത്തിവച്ചതിന്‍റെ തൊട്ടടുത്ത ദിവസം സര്‍വീസ് വീണ്ടും ആരംഭിച്ചുവെന്നും താനൂർ മുനിസിപ്പാലിറ്റിയും കോടതിയെ ധരിപ്പിച്ചു.
സൈബറാക്രമണത്തില്‍ പ്രതികരിച്ച് കോടതി :കേസ് പരിഗണിക്കവെ കോടതിക്കും അഭിഭാഷകര്‍ക്കും നേരെയുള്ള സൈബര്‍ ആക്രമണത്തെയും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരാമര്‍ശിച്ചു. ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണമുണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്‍റെ ഭാഗമാകുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. എന്നാല്‍ അത്തരം സൈബർ ആക്രമണങ്ങളെ കാര്യമാക്കുന്നില്ലെന്നും ജനങ്ങളോടും ഭരണഘടനയോടുമാണ് കോടതിയുടെ ഉത്തരവാദിത്തമെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു. ജഡ്ജിമാരുടെ സഹിഷ്ണുത ബലഹീനതയായി കാണരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.