യുദ്ധം ഒഴിവാക്കാൻ പ്രാര്‍ഥനകളോടെ താഹ എറണാകുളം : പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ വാർത്തകൾ ആശങ്ക പടർത്തുമ്പോൾ മട്ടാഞ്ചേരി സ്വദേശി താഹ ഇബ്രാഹിമിന്‍റെ (Thaha Ibrahim Mattancherry) മനസിലും ആധി പടരുകയാണ്. തന്‍റെ വളർത്തമ്മയും ജൂത വിശ്വാസിയുമായ സാറ കോഹന്‍റെ (Sarah Cohen) സഹോദരിയും മക്കളും മറ്റ് ബന്ധുക്കളും ഇസ്രയേലിലാണ് ഉള്ളത്. അവരെ കുറിച്ചും നിരപരാധികളായ മറ്റു മനുഷ്യരെ കുറിച്ചുമാണ് ഈ മട്ടാഞ്ചേരിക്കാരന്‍റെ ആശങ്ക (Thaha Ibrahim bonds with Jewish couple).
നാല് പതിറ്റാണ്ട് മുമ്പാണ് മട്ടാഞ്ചേരി ജൂതപള്ളിക്ക് സമീപം വഴിയോരത്ത് താഹ ഇബ്രാഹിം സുഗന്ധ വ്യജ്ഞന വില്‍പന തുടങ്ങിയത്. അന്നത്തെ ആ പന്ത്രണ്ടുകാരനെ സഹാനുഭൂതിയോടെയാണ് സാറ കോഹനും ഭർത്താവ് ജേക്കബ് ഏലിയാഹു കോഹനും കണ്ടത്. മട്ടാഞ്ചേരിയിലെ തന്‍റെ വീടിനു സമീപം വഴിയോര കച്ചവടം നടത്തുന്ന താഹയോട് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടിയായ ജേക്കബ് ഏലിയാഹു കോഹന് (Jacob Cohen) ഏറെ അനുകമ്പയായിരുന്നു.
പഠിക്കേണ്ട പ്രായത്തിൽ ജോലി ചെയ്യുന്നതിനോട് അദ്ദേഹത്തിന് യോജിപ്പ് ഉണ്ടായിരുന്നില്ല. എങ്കിലും മട്ടാഞ്ചേരിക്കാരനായ കൗമാരക്കാരന്‍റെ വിശേഷങ്ങൾ അന്വേഷിച്ചും മിഠായി നൽകിയും സ്നേഹത്തോടെ അദ്ദേഹം ചേർത്തു പിടിച്ചു. മക്കളില്ലാത്ത സാറ കോഹന്‍റെയും ജേക്കബ് ഏലിയാഹു കോഹന്‍റെയും വളർത്തു മകനായി കാലക്രമേണ താഹ ഇബ്രാഹിം മാറുകയായിരുന്നു. അന്ന് 14 വയസ് മാത്രം പ്രായമുളള ഇസ്‌ലാംമത വിശ്വാസിയായ താഹയ്ക്ക് ജൂത പുരോഹിത കുടുംബമായ കോഹൻ ഫാമിലിയില്‍ ഒരംഗത്തിന്‍റെ സ്ഥാനം തന്നെയാണ് ലഭിച്ചത്.
'അമ്മയെ സംരക്ഷിക്കണം'...ജേക്കബ് കോഹന്‍ അവസാനം പറഞ്ഞത് : വഴിയോരത്തെ കച്ചവടം കഴിഞ്ഞാൽ വിശ്രമിക്കുന്നതും കച്ചവട സാമഗ്രികൾ സൂക്ഷിക്ഷിക്കുന്നതും ജൂത പള്ളിക്ക് സമീപമുള്ള വീട്ടിലായിരുന്നു. താഹയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതും കോഹന്‍ ദമ്പതികള്‍ക്ക് ഇഷ്‌ടമായിരുന്നു. കാലക്രമേണ താഹയും കോഹൻ കുടുംബത്തിന്‍റെ പരമ്പരാഗത കച്ചവടത്തിന്‍റെ ഭാഗമായി മാറി. അങ്ങനെ താഹയും കോഹൻ ഫാമിലിയും തമ്മിലുള്ള ബന്ധം അരക്കിട്ട് ഉറപ്പിച്ചത് പോലെയായി.
ഇതിനിടയിൽ ഇവരുടെയും ഇസ്രയേലിലുളള ബന്ധുക്കളുമായും താഹ ഇബ്രാഹിം അടുത്ത ബന്ധം സ്ഥാപിച്ചു. ജേക്കബ് ഏലിയാഹു കോഹൻ അസുഖ ബാധിതനായതോടെ വളര്‍ത്തു മകനായ താഹയോട് ഒരൊറ്റ കര്യമേ പറഞ്ഞുള്ളൂ, തനിക്കെന്ത് സംഭവിച്ചാലും അമ്മ സാറ കോഹനെ സംരക്ഷിക്കണം. എന്നാൽ അത്തരമൊരു ആവശ്യത്തിന് പോലും അവർക്കിടയിൽ പ്രസക്തി ഇല്ലായിരുന്നു. താഹയ്ക്ക് സാറ കോഹൻ സ്വന്തം അമ്മയുടെ സ്ഥാനത്തായിരുന്നു.
1999ൽ ജേക്കബ് ഏലിയാഹുവിന്‍റെ വിയോഗത്തിന് ശേഷം സാറ കോഹന്‍റെ സംരക്ഷണം താഹ ഏറ്റെടുത്തു. പിന്നീട് ഇങ്ങോട്ട് രണ്ട് പതിറ്റാണ്ട് കാലം സാറയുടെ മാതൃ സ്നേഹത്തിന്‍റെ തണലിലായിരുന്നു താഹ ഇബ്രാഹിം. അദ്ദേഹം വിവാഹിതനായതോടെ ഒരു മകളെ പോലെ ഭാര്യ ജാസ്‌മിനും സാറ കോഹനൊപ്പം കൂടി. ജൂയിഷ് എബ്രോയിഡറി ജോലി താഹ പഠിച്ചെടുത്തത് സാറ കോഹനിൽ നിന്നാണ്. ഇരുവരും ഒരുമിച്ച് നിർമിച്ച എബ്രോയിഡറി ഉത്‌പന്നങ്ങൾ വീടിനോട് ചേർന്ന കടയിലായിരുന്നു വില്‍പന നടത്തിയിരുന്നത്.
മുസ്‌ലിമായ താഹയ്‌ക്ക് ജൂത വിശ്വാസിയായ അമ്മ : താൻ ഒരു മുസ്‌ലിമാണന്ന് അറിഞ്ഞിട്ടും ജൂതമത വിശ്വാസിയായ സാറ കോഹൻ സ്വന്തം മകനെ പോലെയാണ് സ്നേഹിച്ചതെന്ന് താഹ പറയുന്നു. അറബിയിലുള്ള പുരാതന ഇസ്‌ലാമിക ഗ്രന്ഥങ്ങൾ അവർ സമ്മാനിച്ചതും താഹ കാണിച്ചു തന്നു. നേരത്തെ ഇസ്രയേൽ-പലസ്‌തീന്‍ സംഘർഷങ്ങൾ പൊട്ടി പുറപ്പെട്ട വേളയിൽ ഇവർക്കൊക്കെ ഭ്രാന്താണെന്ന് സാറ കോഹൻ പറയുമായിരുന്നുവെന്ന് താഹ ഓർമിച്ചു. 2019 ൽ തൊണ്ണൂറ്റിയേഴാം വയസിൽ അവർ മരണപ്പെടുന്നതിന്ന് മുമ്പ് അന്ത്യ കർമ്മങ്ങളെല്ലാം സ്വന്തം മകന്‍റെ സ്ഥാനത്ത് നിന്ന് നിർവഹിക്കാൻ താഹയെ ഏല്‍പ്പിച്ചിരുന്നു. അവരുടെ മരണശേഷവും മട്ടാഞ്ചേരിയിലെ വീട്ടിൽ സാറ കോഹന്‍റെ സ്‌മരണകൾ അതേപടി നിലനിർത്തുകയാണ് കര്‍മം കൊണ്ട് മകനായ താഹ.
അവർ ഉപയോഗിച്ചിരുന്ന വിളക്കും കട്ടിലും കസേരയും ഫോണുമുൾപ്പെടെ എല്ലാം അപൂർവമായൊരു മാതൃസ്നേഹത്തിന്‍റെ അടയാളമായി സംരക്ഷിക്കുകയാണ് അദ്ദേഹം. വെള്ളിയാഴ്‌ച വൈകുന്നേരം ഏഴ് തിരിയിട്ട പ്രത്യേക തരം വിളക്ക് കത്തിച്ചാൽ പിന്നെ ഒരു ദിവസം പ്രാർഥന ദിനമായി ആചരിക്കുന്നതായിരുന്നു സാറ കോഹന്‍റെ ശീലം. അത് ഇന്നും അതേപടി തുടരുകയാണ് താഹ ഇബ്രാഹിം. ജൂത-മുസ്‌ലിം സൗഹൃദത്തിന്‍റെ അടയാളം കൂടിയാണ് താഹയുടെ ജീവിതം.
കോഹൻ ഫാമിലി പലതവണ ഇസ്രയേലിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സാറ കോഹനെ തനിച്ചാക്കി പോകാൻ അദ്ദേഹം തയാറായിരുന്നില്ല. പിന്നീട് രണ്ട് വർഷം മുമ്പാണ് സാറയുടെ വിയോഗ ശേഷം താഹ ഇസ്രയേലിലേക്ക് അതിഥിയായി പോയത്. അന്ന് തനിക്ക് ലഭിച്ചത് ഊഷ്‌മളമായ സ്വീകരണമായിരുന്നുവെന്നും താഹ പറഞ്ഞു. ഇപ്പോൾ ഇസ്രയേൽ-ഹമാസ് സംഘർഷം തുടങ്ങിയ ശേഷവും കോഹൻ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചു.
യുദ്ധം നീണ്ടു നിന്നാൽ സാധാരണ ജനങ്ങളാണ് ബുദ്ധിമുട്ടുക. എത്രയും വേഗം പശ്ചിമേഷ്യയില്‍ സമാധാനം പുലരെട്ടെയെന്നും ഈ മട്ടാഞ്ചേരിക്കാരനും എല്ലാവരെയും പോലെ ആഗ്രഹിക്കുകയാണ്. ഏകദേശം അഞ്ഞൂറ് വർഷം മുമ്പ് മട്ടാഞ്ചേരിയിൽ ജൂത പള്ളി സ്ഥാപിച്ചതോടെയാണ്, ജൂത പുരോഹിതന്മാരുടെ കുടുംബമായ കോഹൻ കുടുംബവും മട്ടാഞ്ചേരിയിലെത്തിയതെന്നാണ് ചരിത്രം.