എറണാകുളം:സെന്തിൽ കൃഷ്‌ണ, അനുമോൾ, അൻവിൻ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'ത തവളയുടെ ത' എന്ന ചിത്രം 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു (Tha Thavalayude Tha movie premier in international film festival Germany). കുട്ടികൾക്കും യുവപ്രേക്ഷകർക്കും വേണ്ടിയുള്ള ഫെസ്റ്റിവലിൽ, ചിത്രത്തിൻ്റെ വേൾഡ് പ്രീമിയർ സെപ്‌റ്റംബർ 25ന് ജർമനിയിലെ ചെംനിറ്റ്‌സിലെ ഐക്കണിക് സിനിസ്റ്റാർ സിനിമയിൽ നടന്നു. '14 ഇലവൻ സിനിമാസ്', 'ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സ്' എന്നിവയുടെ ബാനറിൽ റോഷിത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്‌ന ലോകങ്ങളിലൂടെയുമാണ് സഞ്ചരിക്കുന്നത്.
ജിതേന്ദ്ര മിശ്രയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. ബാലുവായി മാസ്റ്റർ അൻവിൻ ശ്രീനു വേഷമിടുന്ന ചിത്രത്തിൽ ബാലുവിന്‍റെ അമ്മ ഗംഗാലക്ഷ്‌മിയായി അനുമോളും, അച്ഛൻ വിശ്വനാഥനായി സെന്തിലുമാണ് എത്തുന്നത്. ഇവർക്ക് പുറമെ അജിത് കോശി, അനീഷ് ഗോപാൽ, ഹരികൃഷ്‌ണൻ, സുനിൽ സുഗത, നന്ദൻ ഉണ്ണി, സ്മിത അമ്പു, ജെൻസൺ ആലപ്പാട്ട്, വസുദേവ് പട്രോട്ടം, ജോജി, നെഹല, ശ്രീപദ്, ദക്ഷ് ദർമിക്, ആരവ് വി.പി, ആരുഷി റാം, ജൊഹാൻ ജോജി, ഭവിൻ പി, ആർദ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കുട്ടികൾക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി ഫാൻ്റസി ഗണത്തിൽ പെടുന്ന ഒരു കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. അറുപതോളം ബാലതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.