എറണാകുളം: പതിവ് തെറ്റിക്കാതെ ഇത്തവണയും ജ്യോതി ലക്ഷ്മി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് കൊച്ചു പ്രസംഗവും അനൗൺസ്മെന്‍റും നടത്തി ശ്രദ്ധേയയായ ജ്യോതിലക്ഷ്മി തുടർന്നുള്ള തെരഞ്ഞെടുപ്പ് പരിപാടികളിലും രംഗത്തുണ്ടായിരുന്നു. മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൽദോ എബ്രഹാമിന് വേണ്ടി റെക്കോഡ് ചെയ്‌തും വാഹനങ്ങളിൽ നേരിട്ടും അനൗൺസ്മെന്‍റ് നടത്തിയുമാണ് ഈ പത്ത് വയസുകാരി ശ്രദ്ധ നേടിയത്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തി സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കും.
തെരഞ്ഞെടുപ്പ് അനൗൺസ്മെന്‍റുകളിൽ സജീവമായി പത്ത് വയസുകാരി ജ്യോതിലക്ഷ്മി - election announcement Jyothilakshmi
മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എൽദോ എബ്രഹാമിന് വേണ്ടി റെക്കോഡ് ചെയ്‌തും വാഹനങ്ങളിൽ നേരിട്ടും അനൗൺസ്മെന്‍റ് നടത്തിയുമാണ് ഈ പത്ത് വയസുകാരി ശ്രദ്ധ നേടിയത്.
അഞ്ച് വയസുള്ളപ്പോഴാണ് ആദ്യമായി 2016ൽ മുവാറ്റുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എൽദോ എബ്രഹാമിന് വോട്ട് അഭ്യർഥിച്ച് അനൗൺസ്മെൻ്റ് തുടങ്ങിയത്. വായിക്കാനറിയില്ലാത്തത് കൊണ്ട് അച്ഛൻ അനൗൺസ്മെൻ്റ് റെക്കോഡ് ചെയ്‌തു കൊണ്ടുവന്ന് കേൾപ്പിക്കുമായിരുന്നു. ഇത് കാണാതെ പഠിച്ചായിരുന്നു തുടക്കം. ഇതിലൂടെ ശ്രദ്ധ പിടിച്ച് പറ്റിയ ജ്യോതി ലക്ഷ്മി പിന്നീടങ്ങോട്ട് പാർട്ടിയുടെ വേദികളിൽ ചെറു പ്രഭാഷണങ്ങൾ നടത്തിയും മുദ്യാവാക്യം വിളിച്ചും വേദികളിൽ നിറഞ്ഞു നിന്നു.
കെഎസ്‌കെടിയുവിൻ്റെ സംസ്ഥാന സമ്മേളനത്തിലും ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ സമ്മേളനത്തിലും ജ്യോതി ലക്ഷ്മി പ്രസംഗിച്ചിരുന്നു. ഈ വേദിയിൽ ഇഷ്ട സഖാവ് പിണറായി വിജയനെ കാണാൻ സാധിച്ചെങ്കിലും സംസാരിക്കാനും പരിചയപ്പെടാനും സാധിക്കാത്തതിൻ്റെ വിഷമത്തിലാണ് ഇപ്പോഴും ജ്യോതി ലക്ഷ്മി. എന്നെങ്കിലും പ്രിയ സഖാവിനെ അടുത്ത് പരിചയപ്പെടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടി പ്രാസംഗി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടത്തിയ വനിതാ റാലിയുടേയും വനിതാ സംഗമത്തിന്‍റെയും അനൗൺസ്മെൻ്റും ജ്യോതി ലക്ഷ്മിയായിരുന്നു. ആരക്കുഴ പണ്ടപ്പിള്ളി ആച്ചക്കോട്ടിൽ ഷിനോബി ശ്രീധരന്‍റെയും ഗീതുവിൻ്റേയും രണ്ട് മക്കളിൽ മൂത്തയാളാണ് ജ്യോതി ലക്ഷ്മി.