കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഓർമകൾ പങ്കുവച്ച് അധ്യാപിക എറണാകുളം :തന്‍റെ പ്രിയപ്പെട്ട വിദ്യാർഥി ഇനിയില്ലന്ന യാഥാർഥ്യം ഉൾകൊള്ളാൻ തായിക്കാട്ടുകര എൽ പി സ്‌കൂളിലെ ഷഹന ടീച്ചർക്ക് ഇനിയുമായിട്ടില്ല. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ ക്ലാസ് ടീച്ചർ കൂടിയായിരുന്നു ഷഹന. കാണാതായത് മുതൽ തിരിച്ച് വരാനായിരുന്നു പ്രാർഥിച്ചിരുന്നതെന്നും എന്നാൽ ആ വരവ് ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഷഹന ഇടിവി ഭാരതിനോട് പറഞ്ഞു.
സ്വദേശം ബിഹാർ ആണെങ്കിലും നന്നായി മലയാളം സംസാരിക്കുന്ന കുട്ടിയെ ടീച്ചർ പ്രത്യേകം പരിഗണിച്ചിരുന്നു. കാരണം അവൾക്ക് എല്ലാം അറിയാനും പഠിക്കാനും മറ്റ് കുട്ടികളെക്കാളേറെ താത്‌പര്യമുണ്ടായിരുന്നു. തന്‍റെ ഏറെ പരിമിതവും പ്രതികൂലവുമായ ജീവിത സാഹചര്യങ്ങളെ കുറിച്ച് അറിയാവുന്ന രീതിയിൽ ടീച്ചറോട് കുട്ടി സംസാരിക്കാറുണ്ടായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ വേണ്ട രീതിയിൽ കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ലെന്ന് ഷഹാന ടീച്ചർക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടു കൂടിയായിരുന്നു അവൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നത്. കുട്ടിയുടെ വിയോഗം വലിയ നഷ്‌ടം തന്നെയാണെന്ന് ഷഹന പറഞ്ഞു. നിയമം നിയമത്തിന്‍റെ വഴിയിൽ സഞ്ചരിച്ച് കുട്ടിക്ക് നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടിക്ക് നീതി ലഭിക്കാൻ പ്രാർഥിക്കുന്നതായും ഷഹന പറഞ്ഞു.
മലയാളം കേട്ടാൽ അവൾക്ക് മനസിലാകും, മലയാളം നന്നായി സംസാരിക്കുകയും ചെയ്യും. എന്നാൽ മലയാളം എഴുതാൻ പഠിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അവളുടെ കയ്യക്ഷരം വൃത്തിയുള്ളതായിരുന്നു. ക്ലാസിൽ മനസിലാകാത്ത കാര്യങ്ങളെ പറ്റി ചോദിച്ച് മനസിലാക്കുമായിരുന്നു. വീട്ടിലെ വിശേഷങ്ങളെ പറ്റിയും അവൾ തന്നോട് സംസാരിച്ചിരുന്നതായി ഷഹന പറഞ്ഞു.
കുട്ടിയുടെ അച്ഛൻ സ്ഥിരമായി വീട്ടിൽ വരാറില്ലായിരുന്നു. പാലക്കാടായിരുന്നു ജോലി ചെയ്‌തിരുന്നത്. ആഴ്‌ചയിൽ ഒരിക്കലോ മറ്റോ മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. കുട്ടിയുടെ പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചാൽ പോലും പ്രതികരിക്കാറില്ലായിരുന്നു. കുട്ടികളെ ശ്രദ്ധിക്കുന്ന മാതാപിതാക്കളായി തോന്നിയിട്ടില്ല. മൂത്ത കുട്ടിയും ഇതേ സ്‌കൂളിലാണ് രണ്ടാം തരത്തിൽ പഠിക്കുന്നത്.
കുട്ടിയെ കാണാതായെന്ന് അറിഞ്ഞത് മുതൽ തിരിച്ച് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. നാളെ മുതൽ അവളില്ലാത്ത ക്ലാസിൽ എങ്ങിനെ പഠിപ്പിക്കുമെന്ന് അറിയില്ല. അവളുടെ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടവും വല്ലാതെ മിസ് ചെയ്യുമെന്നും ഷഹന വ്യക്തമാക്കി. വെള്ളിയാഴ്‌ചയാണ് കുട്ടിയെ കാണാതായത്. ശനിയാഴ്‌ച സ്‌കൂൾ പ്രവർത്തി ദിനമായിരുന്നു.
മറ്റ് കുട്ടികൾ ഈ കുട്ടിയെ കാണാതായതിനെ കുറിച്ചായിരുന്നു ശനിയാഴ്‌ച മുഴുവൻ ക്ലാസിൽ സംസാരിച്ച് കൊണ്ടിരുന്നത്. അവർക്കും കൂട്ടുകാരിയെ കാണാതായതിൽ പ്രയാസമുണ്ടായിരുന്നു. എന്നാൽ ഇനിയൊരിക്കലും നിങ്ങളോടൊപ്പം പഠിക്കാനും, കളിക്കാനും അവൾ വരില്ലെന്ന് എങ്ങനെ ക്ലാസിലെ കുട്ടികളെ പറഞ്ഞ് ബോധിപ്പിക്കുമെന്ന് അറിയില്ലെന്നും ഷഹന കൂട്ടിച്ചേർത്തു.
അതേസമയം ഇന്ന് രാവിലെ കുട്ടിയുടെ മൃതദേഹം കീഴ്‌മാട് പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചിരുന്നു. കുട്ടി പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് സംസ്‌കാരം നടന്നത്. അധ്യാപകരും കൂട്ടുകാരും നാട്ടുകാരുമടക്കം നൂറുകണക്കിന് പേരാണ് സ്‌കൂളിലെത്തി പെണ്‍കുട്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.
ALSO READ :ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ ; മൃതദേഹം സംസ്‌കരിച്ചു, പ്രതി അഫ്‌സാക് ആലം റിമാന്‍ഡില്‍