കേരളം

kerala

ETV Bharat / state

NIA | അധ്യാപകന്‍റെ കൈപ്പത്തി വെട്ടിയ സംഭവം : പ്രത്യേക എൻ ഐ എ കോടതി ഇന്ന് രണ്ടാംഘട്ട വിധി പറയും - teacher palm amputation case

2010 ൽ അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ വിചാരണ പൂർത്തിയാക്കിയ എൻ ഐ എ കോടതി ഇന്ന് രണ്ടാം ഘട്ട വിധി പറയും

യുഎപിഎ  ജോസഫിന്‍റെ കൈവെട്ടിയ കേസ്  NIA  അധ്യാപകന്‍റെ കൈപ്പത്തി വെട്ടി  എൻ ഐ എ കോടതി  എൻ ഐ എ  teacher palm cutting case  joseph palm amputation case  teacher palm amputation case  special NIA court
അധ്യാപകന്‍റെ കൈപ്പത്തി വെട്ടിയ സംഭവം

By

Published : Jul 12, 2023, 9:39 AM IST

Updated : Jul 12, 2023, 10:47 AM IST

എറണാകുളം :രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട മൂവാറ്റുപുഴയിലെ പ്രൊഫ. ടിജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിൽ പ്രത്യേക എൻ ഐ എ കോടതി ഇന്ന് രണ്ടാംഘട്ട വിധി പറയും. യുഎപിഎ ചുമത്തിയ കേസിലെ പ്രതികളെല്ലാം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരായിരുന്നു. എൻ ഐ എ കോടതിയിൽ വിചാരണ പൂർത്തിയാക്കിയാണ് രണ്ടാം ഘട്ട വിധി പുറപ്പെടുവിക്കുന്നത്.

കേട്ടുകേൾവിയില്ലാത്ത ക്രൂരകൃത്യം ആസൂത്രണം ചെയ്‌തതും നടപ്പിലാക്കിയതും പോപ്പുലർ ഫ്രണ്ടാണെന്നാണ് എൻ ഐ എ കണ്ടെത്തിയത്. ഇത് പ്രകാരം ഒന്നാം ഘട്ട വിചാരണയിൽ 31 പേരിൽ 13 പേരെ ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു. ഒളിവിൽ പോയ പ്രതികളിൽ ആദ്യഘട്ടത്തിൽ പിടിയിലായവർക്ക് കുറ്റപത്രം നൽകിയായിരുന്നു വിചാരണ പൂർത്തിയാക്കിയത്.

പിന്നീട് പലസമയങ്ങളിലായി പിടിയിലായവർക്ക് കുറ്റപത്രം നൽകിയാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഈ വിചാരണയിൽ ഉൾപ്പെട്ടിരുന്നു. രണ്ടാം ഘട്ടത്തിൽ മുഖ്യസൂത്രധാരനായ ആലുവ സ്വദേശി എം കെ നാസർ ഉൾപ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.

കേസിനാസ്‌പദമായ സംഭവം : 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിനെതിരെ മതനിന്ദയാരോപിച്ചാണ് പ്രതികൾ ക്രൂരമായ ആക്രമണം നടത്തിയത്. ടി.ജെ. ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപകനെ തടഞ്ഞു നിർത്തി വലത്തെ കൈപ്പത്തി വെട്ടിമാറ്റിയത്.

also read :അധ്യാപകന്‍റെ കൈ വെട്ടിയ കേസ്; രണ്ടാം ഘട്ട വിചാരണ 2021 ഏപ്രിലിൽ

സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികൾ യോഗം ചേർന്ന് കുറ്റകൃത്യം എങ്ങനെ നടപ്പിലാക്കണം എന്നതിന്‍റെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഒരു തവണ അധ്യാപകനെതിരെ ആക്രമണം നടത്താനുള്ള ശ്രമം പാളിപ്പോയി. ഇതിന് പിന്നാലെയായിരുന്നു പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയത്. കൃത്യത്തിന് വിദേശത്തു നിന്നടക്കം പ്രതികൾക്ക് സാമ്പത്തിക സഹായം ലഭിച്ചെന്നും സംഭവത്തിന് ശേഷം പ്രാദേശിക സഹായം ലഭിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പ്രധാന പ്രതികൾ : മുഖ്യപ്രതിയായ ആലുവ സ്വദേശി എം.കെ നാസർ, അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ്, മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ്, മൊയ്‌തീൻ കുഞ്ഞ് എന്നിവർക്കെതിരായ കേസിലാണ് വിചാരണ പൂർത്തിയാക്കി എൻ ഐ എ കോടതി വിധി പ്രസ്‌താവിക്കുന്നത്. അധ്യാപകന്‍റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻ ഐ എയും കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഈ സംഭവം എന്ന പ്രത്യേകതയും ഉണ്ട്.

Last Updated : Jul 12, 2023, 10:47 AM IST

ABOUT THE AUTHOR

...view details