കൊച്ചിയില്‍ ടാങ്കര്‍ ലോറി അപകടത്തിൽപ്പെട്ടു എറണാകുളം :കൊച്ചി ഇരുമ്പനത്ത് എഥനോളുമായെത്തിയ ടാങ്കര്‍ ലോറി അപകടത്തിൽപ്പെട്ടു. കര്‍ണാടകയില്‍ നിന്ന് ഐ.ഒ.സി പ്ലാന്‍റിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ലോറി ഒരു വശത്തേക്ക് ചരിയുകയായിരുന്നു. 40,000 ലിറ്റര്‍ എഥനോളാണ് ലോറിയിലുണ്ടായിരുന്നത്. ടാങ്കറിന് ചോര്‍ച്ച സംഭവിക്കാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
സംഭവത്തെ തുടര്‍ന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ താത്‌കാലികമായി ഗതാഗതം തടഞ്ഞു. പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്.
ഐ.ഒ.സി പ്ലാന്‍റിലെത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് പാര്‍ക്കിങ് സൗകര്യമില്ലാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.