എറണാകുളം :കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതി അടുത്ത വർഷം യഥാർഥ്യമാകും. താജ് ഗ്രൂപ്പുമായി സഹകരിച്ചുള്ള താജ് സിയാൽ ഹോട്ടൽ അടുത്ത വർഷം മുതല്‍ പ്രവർത്തനം തുടങ്ങുമെന്ന് സിയാൽ അറിയിച്ചു. ഹോട്ടൽ നടത്തുന്നതിന് വേണ്ടിയുള്ള കരാർ ടാറ്റയുടെ ഉപകമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡാണ് സ്വന്തമാക്കിയത്.
ദേശീയ ടെൻഡറിലൂടെയാണ് സിയാൽ, ഹോട്ടൽ നടത്തിപ്പുകാരെ തെരഞ്ഞെടുത്തത്. ഹോട്ടല്‍ അനുബന്ധ സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടി ഐ എച്ച് സി എൽ 100 കോടി രൂപ നിക്ഷേപിക്കും. 2024 പകുതിയോടെ താജ് സിയാലിന്‍റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രശസ്‌തരായ ഹോട്ടൽ ഓപ്പറേറ്ററുമായി സഹകരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്‌ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. സിയാൽ താജ് എന്നിവ കൈകോര്‍ക്കുന്നത് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാരമേഖലയിൽ പുത്തന്‍ ഉണർവ് സൃഷ്‌ടിക്കും. വ്യോമയാന ഇതര രംഗത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനായി സിയാല്‍ ആവിഷ്‌കരിച്ച പദ്ധതികളിൽ നിർണായക സ്ഥാനമാണ് പഞ്ചനക്ഷത്ര ഹോട്ടലിനുള്ളത്.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വമ്പൻ വികസനത്തിന് ഒരുങ്ങുകയാണ്. അവരുടെ തന്നെ ഹോട്ടല്‍ ശൃംഖലയിലെ ഒരു കണ്ണിയായി കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളവും മാറുന്നതോടെ വ്യോമയാന - ടൂറിസം മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിക്കപ്പെടും. സിയാല്‍ നിര്‍മ്മിക്കുന്ന ഈ ഹോട്ടല്‍ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചനക്ഷത്ര ഹോട്ടലായി മാറുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് അഭിപ്രായപ്പെട്ടു.
സിയാലിന്‍റെ പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതി താജിന്‍റെ കൊച്ചിയിലെ അഞ്ചാമത്തെ പ്രൊജക്‌ടാണ്. കൊച്ചി എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ക്ക് സമീപം സിയാല്‍ പണികഴിപ്പിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ 112 മുറികളാണ് ഉണ്ടായിരിക്കുക. സിവിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി.