എറണാകുളം:സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡിൽ തീരുമാനം. പരിഷ്‌കരിച്ച ആരാധനാ ക്രമത്തിന് സിനഡ് അംഗീകാരം നൽകി. മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചാൽ പരിഷ്‌കരിച്ച ആരാധനാ ക്രമം നിലവിൽ വരും. പുതിയ ആരാധനാ ക്രമം നിലവിൽ വന്നാൽ കുർബാനയുടെ ദൈർഘ്യം കുറയും. അൾത്താരക്ക് അഭിമുഖമായി കുർബാന നടത്തണമെന്ന 1999 ലെ സിനഡ് നിർദേശം നിലനിൽക്കും. ഈ രീതി നടപ്പാക്കാത്ത രൂപതകളെ തിരക്കിട്ട് നടപ്പാക്കാൻ നിർബന്ധിക്കില്ല. എന്നാൽ കാലക്രമേണ സിനഡ് അംഗീകരിച്ച രീതി എല്ലാ രൂപതകളും നടപ്പാക്കേണ്ടി വരും. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ നടത്തുന്ന പദ്ധതികളിൽ ക്രൈസ്‌തവര്‍ വിവേചനം നേരിടുന്നതായി സിനഡ് വിലയിരുത്തി.
സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡിൽ തീരുമാനം
അൾത്താരക്ക് അഭിമുഖമായി കുർബാന നടത്തണമെന്ന 1999 ലെ സിനഡ് നിർദേശം നിലനില്‍ക്കും
ഒരു മത വിഭാഗത്തിനായി സർക്കാർ ഫണ്ടുകളുടെ ഭൂരിഭാഗം നീക്കിവയ്ക്കുന്നത് അംഗീകരിക്കാനാകില്ല. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ആശങ്ക ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ആയി ബിഷപ്പ് ജോസ് പുളിക്കലിനെയും പാലക്കാട് രൂപത സഹായ മെത്രാൻ ആയി പീറ്റർ കൊച്ചുപുരക്കലിനെയും സിനഡ് നിയമിച്ചു. അതേസമയം എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമി ഇടപാടിലെ നഷ്‌ടം നികത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക തീരുമാനങ്ങളൊന്നും സിനഡിലുണ്ടായില്ല. ഈ വിഷയത്തിൽ തൃപ്‌തികരമായ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അൽമായരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാഭിമുഖ്യ കുർബാനയിൽ നിന്നും അൾത്താരാഭിമുഖ കുർബാനയിലേക്ക് മാറാനുള്ള തീരുമാനവും വിശ്വാസികൾക്കിടയിലെ അഭിപ്രായ ഭിന്നത രൂക്ഷമാക്കും.