കൊച്ചി: സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ വൈദികരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജാമ്യത്തിലിറങ്ങിയ മൂന്നാം പ്രതി ആദിത്യനോടും ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
സിറോ മലബാർ സഭ വ്യാജ രേഖ കേസ്: ചോദ്യം ചെയ്യൽ ഇന്നും തുടരും - questioning
വൈദികർക്കൊപ്പം ആദിത്യനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസിന്‍റെ നിർദ്ദേശം
പൊലീസിന് പുറമേഫാദർ പോൾ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും ഫോറൻസിക് വിദഗ്ധരും ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും കമ്പ്യൂട്ടറുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോറൻസിക് വിദഗ്ധർ ചോദ്യം ചെയ്തത്. അതേസമയം വ്യാജരേഖ ചമച്ച കേസിൽ പോൾ തേലക്കാട്ട് ഉൾപ്പെടെയുള്ള വൈദികർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അങ്കമാലി മറ്റൂർ പള്ളി വികാരിയും മുൻ വൈദിക സമിതി അംഗവുമായ ഫാ ആന്‍റണി പൂതവേലിയും ആലുവ ഡിവൈഎസ്പി ഓഫീസിലെത്തി മൊഴി നൽകിയിരുന്നു.
ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ട്, നാലാം പ്രതി ടോണി കല്ലൂക്കാരൻ എന്നിവരെ അഞ്ചാം തവണയാണ് ചോദ്യം ചെയ്യുന്നത്. ഈ കേസിൽ പ്രതികളായ വൈദികരെ ചോദ്യം ചെയ്യാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി അനുവദിച്ച സമയം ജൂൺ അഞ്ച് വരെയാണ്. ഇതേ തുടർന്നാണ് പൊലീസ് വൈദികരെ തുടർച്ചയായി ചോദ്യം ചെയ്തു വരുന്നത്. ആദിത്യന് ജാമ്യം അനുവദിച്ചപ്പോൾ അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.