എറണാകുളം:സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ സിനഡ് ഇന്ന് തുടങ്ങും. രണ്ടാഴ്‌ച ക്കാലം നീണ്ടുനിൽക്കുന്ന മുപ്പതാമത് സിനഡിന്‍റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ചാണ് നടക്കുന്നത്. കുർബാന ഏകീകരണത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ സിനഡ് മെത്രാന്മാർക്ക് നിവേദനം നൽകിയിരുന്നു.
അതിരൂപതയിൽ തുടർന്ന് വരുന്ന ജനാഭിമുഖ കുർബാന തുടരാൻ അനുമതി നൽകണമെന്നാണ് വിശ്വാസികളുടെയും വൈദികരുടെയും ആവശ്യം. ഇത്തരമൊരു ആവശ്യത്തിന് അനുകൂലമായ നിലപാട് എടുത്തതിനെ തുടർന്നായിരുന്നു മെട്രോ പൊലിത്തൻ വികാരി ആന്റണി കരിയിലിനെ സിനഡ് ഇടപെട്ട് രാജി വയ്പ്പിച്ചത്. പകരമായി ചുമതല ഏറ്റെടുത്ത അപ്പസ്തോലിക്ക് അഡിമിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനെ വിശ്വാസികളിലൊരു വിഭാഗം തടഞ്ഞ് വച്ച് ചോദ്യം ചെയ്തിരുന്നു.