എറണാകുളം:എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ബിഷപ്പ് ആന്‍റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായി സൂചന. ആന്‍റണി കരിയിലിനെതിരായ നടപടി ചർച്ച ചെയ്യുന്നതിനായി വത്തിക്കാൻ പ്രതിനിധി കൊച്ചിയിലെത്തിയിരുന്നു. ചർച്ചകൾക്കൊടുവിൽ ബിഷപ് ആന്‍റണി കരിയിൽ രാജി സന്നദ്ധത അറിയിച്ചതായാണ് വിവരം.
ആന്‍റണി കരിയിൽ തന്‍റെ നിലപാട് വ്യക്തമാക്കി നൽകിയ കത്ത് വത്തിക്കാൻ സ്ഥാനപതി മാർപ്പാപ്പക്ക് കൈമാറും. അതിനുശേഷം തീരുമാനങ്ങൾ സിറോ മലബാർ സിനഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും. കൂരിയ അംഗങ്ങളുമായും വത്തിക്കാൻ പ്രതിനിധി ചർച്ച നടത്തി.
ബിഷപ്പിന്‍റെ രാജിയോടെ അതിരൂപതയിൽ അഡ്‌മിനിസ്ട്രേറ്റിവ് ഭരണം പ്രഖ്യാപിച്ചേക്കും. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തായിരുന്നു ചർച്ച. മൂന്നു മണിക്കൂറോളം ചർച്ച നീണ്ടുനിന്നു. ചർച്ചയിൽ ഉന്നയിക്കപ്പെട്ട കാര്യങ്ങൾ വത്തിക്കാനെ അറിയിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.
സഭ ഭൂമി ഇടപാട്, കുർബാന ഏകീകരണം എന്നീ വിഷയങ്ങളില്‍ ജനങ്ങളോടും വൈദികരോടും ഒപ്പം നിന്നതിന്‍റെ പേരിലാണ് ബിഷപ് ആന്‍റണി കരിയിലിന്‍റെ രാജി ആവശ്യപ്പെട്ടത്. ഇന്നു രാജിക്കത്ത് നൽകണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആന്‍റണി കരിയിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടർന്നാണ് വത്തിക്കാൻ പ്രതിനിധി ലിയോപോൾഡോ ജിറേല്ലി ഡൽഹയിൽ നിന്നു കൊച്ചിയിലെത്തിയത്.