കൊച്ചി: സീറോ മലബാർ സഭയിലെ വിമത നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടിയായി എറണാകുളം- അങ്കമാലി അതിരൂപതയിലെ സഹായമെത്രാൻമാരെ തൽസ്ഥാനത്തുനിന്നു നീക്കി. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നീ സഹായമെത്രാന്മാരെയാണ് സ്ഥാനത്തുനിന്നും മാറ്റാൻ ഉത്തരവായിരിക്കുന്നത്. അതേസമയം അതിരൂപതയുടെ പൂർണചുമതല ഇനി കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ആയിരിക്കും.
പൂർണ ചുമതല മാർ ജോർജ് ആലഞ്ചേരിക്ക്: എറണാകുളം-അങ്കമാലി സഹായമെത്രാൻമാരെ മാറ്റി - -ernakulam- ankamali
മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നീ സഹായമെത്രാന്മാരെയാണ് സ്ഥാനത്തുനിന്നും മാറ്റാൻ ഉത്തരവായിരിക്കുന്നത്.
രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ചുമതലയുള്ള മാർ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത അധ്യക്ഷനായി തന്നെ തുടരും. സഹായമെത്രാന്മാരുടെ മുന്നോട്ടുള്ള ചുമതലകളെ പറ്റിയുള്ള കൂടുതൽ തീരുമാനങ്ങൾ ഓഗസ്റ്റിൽ കൂടുന്ന സിനഡ് തീരുമാനിക്കും. ഭൂമി വിവാദത്തെ തുടർന്നുള്ള സ്വതന്ത്ര സമിതിയുടെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കർദിനാളിന് അനുകൂലമായ നടപടി വന്നിരിക്കുന്നത്. ഉത്തരവ് ലഭിച്ചതോടെ ഇന്ന് രാവിലെ സഭ ആസ്ഥാനത്തെത്തി ജോർജ് ആലഞ്ചേരി ചുമതല ഏറ്റെടുത്തിരുന്നു. ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ചുമതലകൾ തിരിച്ചു നൽകിക്കൊണ്ട് ഇന്നലെയാണ് വത്തിക്കാനിൽ നിന്ന് ഉത്തരവ് പുറത്തിറങ്ങിയത്.
കഴിഞ്ഞ വർഷം ജൂൺ 22 നാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നീക്കിയത്. എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപതയുടെ ചുമതല ഉണ്ടായിരുന്ന മാർ ജേക്കബ് മനത്തോടത്തിനെയാണ് വത്തിക്കാൻ ചുമതലപ്പെടുത്തിയത്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സ്വതന്ത്ര അന്വേഷണ ഏജൻസിയെയും നിയമിച്ചിരുന്നു. എന്നാൽ ഭൂമി വിവാദത്തിലും വ്യാജരേഖ വിവാദത്തിലും അദ്ദേഹത്തിനെതിരെ നിലപാട് കടുപ്പിച്ച വിമത പക്ഷത്തിന് ഇത് കനത്ത തിരിച്ചടിയാണ്.