എറണാകുളം :സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാരെ കൂടി തെരെഞ്ഞെടുത്തു. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്പിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് തെരഞ്ഞെടുത്തത്. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഇവരെ നിയമിച്ചത്.
സിറോ മലബാര്‍ സഭയില്‍ മൂന്ന് പുതിയ സഹായമെത്രാന്മാര്‍ കൂടി ; പത്ത് ദിവസമായി നടന്നുവന്ന സിനഡിന് സമാപനം - മെത്രാന്മാരുടെ എണ്ണം
സിറോ മലബാർ സഭയിൽ മൂന്ന് പുതിയ സഹായമെത്രാന്മാരെ കൂടി തെരഞ്ഞെടുത്തു, സഭ ആസ്ഥാനത്ത് കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന സിനഡിന് സമാപനം

സിറോ മലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാർപ്പാപ്പയുടെ സമ്മതം വത്തിക്കാൻ നൽകിയിരുന്നു. മെത്രാൻ സിനഡിന്റെ സമാപനദിവസമായ ഇന്ന് സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി നിയുക്തരായിരിക്കുന്ന ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. തോമസ് പാടിയത്ത് എന്നിവരെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലും ചേർന്ന് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. നിയുക്ത മെത്രാന്മാരുടെ മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സിറോമലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായ മെത്രാന്മാരുടെ എണ്ണം അറുപത്തിയഞ്ചായി ഉയർന്നു. സഭ ആസ്ഥാനത്ത് കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന സിനഡും സമാപിച്ചു.