കേരളം

kerala

ETV Bharat / state

പുതുതലമുറയ്ക്ക്‌ നീന്തല്‍ പഠിക്കാം ; പെരിയാറിലെ ഓളപ്പരപ്പില്‍ സജിയും ടീമും റെഡി

Swimming In Periyar: 15 വര്‍ഷമായി സൗജന്യ നീന്തല്‍ പരിശീലനവുമായി സജി വളാശേരിയില്‍. സജിയില്‍ നിന്നും പരിശീലനം നേടിയത് പതിനായിരക്കണക്കിനാളുകള്‍. നീന്തലിനുള്ള സിലബസും സജി തയ്യാറാക്കി. 16 ദിവസം കൊണ്ട് നീന്തല്‍ പഠനം പൂര്‍ത്തിയാക്കാനാകും.

Swiming Saji Valasseriyil  നീന്തല്‍ പരിശീലനം  സജി വളാശേരിയില്‍ നീന്തല്‍  Periyar Swimming Practice
Swimming Instructor Saji Valasseriyil

By ETV Bharat Kerala Team

Published : Jan 8, 2024, 10:06 PM IST

Updated : Jan 13, 2024, 8:10 PM IST

പെരിയാറിലെ ഓളപ്പരപ്പിലെ നീന്തല്‍ പരിശീലനം

എറണാകുളം:പട്ടാളക്കാരനായിരുന്ന അച്ഛന്‍ പകര്‍ന്ന് നല്‍കിയ നീന്തലിന്‍റെ പാഠങ്ങള്‍ പുതുതലമുറയ്ക്ക്‌ പകര്‍ന്ന് നല്‍കുകയാണ് എറണാകുളം സ്വദേശിയായ സജി വളാശേരിയില്‍(Swimming Instructor Saji Valasseriyil). സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള മുങ്ങി മരണങ്ങളുടെ വാർത്തകൾ കേട്ടുമടുത്താണ് 14 വര്‍ഷം മുമ്പ് ആലുവ പെരിയാര്‍ ദേശം കടവില്‍ സൗജന്യമായി സജി നീന്തല്‍ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. പുതുതലമുറയ്ക്ക്‌ നീന്തലിന്‍റെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി തുടങ്ങിയ സജി ഇപ്പോഴും പഠിപ്പിക്കല്‍ തുടരുകയാണെന്ന് മാത്രമല്ല മഹത്തായ പ്രസ്‌ഥാനമായി അത് വളരുകയും ചെയ്‌തു.

ആദ്യകാലങ്ങളില്‍ സ്വന്തം മക്കളും സുഹൃത്തിന്‍റെ മക്കളും അടക്കം 4 പേരാണ് നീന്തല്‍ പഠിക്കാന്‍ എത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കടന്ന് പോയതോടെ നിരവധി പേരാണ് നീന്തല്‍ പരിശീലനത്തില്‍ ചേര്‍ന്നത്. പ്രായഭേദമന്യേ പതിനായിരക്കണക്കിന് പേരാണ് സജിയുടെ ശിക്ഷണത്തിൽ നീന്തൽ പഠിച്ചത്.

ആർജ്ജിച്ചെടുത്ത അറിവ് ആയുധമാക്കി നീന്തലിനൊരു സിലബസ് തന്നെ സജി തയ്യാറാക്കിയിട്ടുണ്ട്. ആദ്യമായെത്തുന്ന ഒരാൾക്ക് ആത്മവിശ്വാസവും നിർഭയത്വവും നൽകുകയാണ് ചെയ്യുന്നത്. വെറും 16 ദിവസം കൊണ്ട് സജിയുടെ നീന്തൽ കളരിയിൽ നിന്ന് ഒരാൾക്ക് അത്യവശ്യം വേണ്ട നീന്തൽ പഠിച്ച് മടങ്ങാനാവും. ഒരു ദിവസം ആയിരം പേർക്ക് വരെ നീന്തൽ പരിശീലനം നടത്താനുള്ള സൗകര്യങ്ങളാണ് നിലവിൽ ഒരുക്കിയിരിക്കുന്നത്.

30 അടി താഴ്‌ചയും 600 മീറ്റർ വീതിയുമുള്ള പെരിയാർ സജിയുടെ ശിക്ഷണത്തിൽ 2000 പേരാണ് നീന്തി കീഴടക്കിയത്. ഇതിൽ 10ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. ഇരുകൈകളും ഇല്ലാത്ത കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിമിനെയും (15) പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്ന ആലുവ സ്വദേശി രതീഷിനെയും (36) സജി നീന്തൽ പഠിപ്പിച്ചു. ഇരുവരെയും പെരിയാറിന് കുറുകെ നീന്തിപ്പിക്കുകയും ചെയ്‌തു.

ആസിമിനെ കുറിച്ച് കേട്ടറിഞ്ഞ സജി രക്ഷിതാക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ആസിമിനെയും പിതാവ് ഷഹീദിനെയും ആലുവയിലെ സ്വന്തം വീട്ടിൽ താമസിപ്പിച്ചാണ് സജി നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. വളരെ എളുപ്പത്തിൽ നീന്തൽ എല്ലാവർക്കും പഠിച്ചെടുക്കാമെന്ന സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകിയതെന്നും സജി വാളാശ്ശേരിൽ എന്ന ജനകീയനായ നീന്തൽ പരിശീലകൻ പറയുന്നത്. മാനസിക ഉല്ലാസം നൽകി നീന്തൽ പഠപ്പിക്കാമെന്ന ആശയം പ്രാവർത്തികമാക്കുകയാണ് സജി വളാശ്ശേരി.

16 ദിവസം കൊണ്ട് നീന്തൽ പഠിച്ച് മടങ്ങാമെങ്കിലും 7 മാസത്തോളം നീന്തൽ പരിശീലനത്തിന് എത്തുന്നവരാണ് ഭൂരിഭാഗവും. വെള്ളത്തിൽ എവിടെ വച്ച് അപകടം സംഭവിച്ചാലും 20 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർക്ക് അവിടെ എത്താൻ കഴിയും അത്രയും സമയം വെള്ളത്തിൽ പൊങ്ങി കിടക്കാൻ ഒരാളെ പ്രാപ്‌തരാക്കുന്ന തരത്തിലാണ് തന്‍റെ നീന്തൽ പരിശീലനമെന്നും സജി വ്യക്തമാക്കുന്നു.

മുങ്ങി മരണങ്ങൾക്ക് ഉത്തരവാദി കുട്ടികളെ നീന്തൽ പഠിപ്പിക്കാത്ത രക്ഷിതാക്കളാണെന്നാണ് സജിയുടെ അഭിപ്രായം. ഒരു വീട്ടിലെ കുട്ടി മുങ്ങിമരിച്ചാൽ അതിന്‍റെ ആഘാതത്തിൽ നിന്നും രക്ഷിതാക്കൾക്ക് മരണം വരെ പുറത്ത് കടക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും നീന്തൽ അഭ്യസിക്കാൻ സജി ആലുവ ദേശം കടവിലേക്ക് ക്ഷണിക്കുകയും ചെയ്‌തു.

പെരിയാറിൽ പൂർണമായും സുരക്ഷയൊരുക്കിയാണ് നീന്തൽ പരിശീലനം നടത്തുന്നത്. സുരക്ഷയുറപ്പാക്കാൻ മാത്രം 20 പേരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യക്തമായൊരു പഠന രീതി പിന്തുടരുന്നതിനാൽ സജിയുടെ കീഴിൽ നീന്തൽ പഠനം എളുപ്പമാണെന്നും ഇതിനകം നീന്തൽ പഠിക്കുകയും പെരിയാർ മുറിച്ച് കടക്കുകയും ചെയ്‌തവർ വ്യക്തമാക്കുന്നു. സജി വാളാശേരിലിന്‍റെ കീഴിൽ തന്‍റെ മകൾ ഉൾപ്പടെ 11 പെൺകുട്ടികൾ കൈകൾ പിറകിൽ കെട്ടി നീന്തി പെരിയാർ മുറിച്ച് കടന്നിരുന്നു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് താൻ നീന്തൽ പഠിക്കാനെത്തിയതെന്ന് സുസ്‌മി പറഞ്ഞു.

ലോകത്തിന് മുന്നിൽ നീന്തൽ പഠനത്തിന്‍റെ പുതിയ മാതൃക സൃഷ്‌ടിച്ച സജിയും സുഹൃത്തുക്കളും ശിഷ്യന്മാരും ഉത്സവനാളുകളിൽ പുഴയ്‌ക്ക് നടുവില്‍ ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായി ഓണം, ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം പെരിയാറിലെ ഓളപരപ്പിലാണ് സംഘടിപ്പിച്ചത്. നിസ്വാർഥമായ മനസും സേവന തത്‌പരതയും കൈമുതലാക്കി നീന്തൽ പരിശീലകന്‍റെ പുത്തൻ റെക്കോഡുകളിലേക്കാണ് സജിയും സുഹൃത്തുക്കളും നീങ്ങുന്നത്.

Last Updated : Jan 13, 2024, 8:10 PM IST

ABOUT THE AUTHOR

...view details