എറണാകുളം: കൊവിഡ് ബാധയുടെ സാഹചര്യത്തിൽ ടെലി മെഡിസിൻ സംവിധാനമൊരുക്കി കൊച്ചി പൊലീസ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും, വൈറസിനെ കുറിച്ച് സംശയമുള്ളവർക്കും വീഡിയോ കോളിലൂടെ ഡോക്ടർമാർ മറുപടി നൽകും. 'സ്വരക്ഷയെന്ന' പേരിൽ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് കൊച്ചി പൊലീസ് പദ്ധതി നടപ്പിലാക്കുന്നത്. ചെറിയ തലവേദന വന്നാൽ പോലും കൊവിഡ് 19 എന്ന സംശയം ചിലരിലെങ്കിലും ആശങ്ക ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യത്തിൽ വീടുകളിൽ നിന്നു തന്നെ വൈദ്യസഹായം ഉറപ്പാക്കാനാണ് സ്വരക്ഷ പദ്ധതി കൊച്ചി പൊലീസ് തുടങ്ങിയത്. കൊവിഡ് 19 രോഗികളെ കണ്ടെത്താനും ഇവരുടെ ആശുപത്രി സന്ദർശനം മൂലമുണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനും ഈ പദ്ധതി പ്രയോജനപ്പെടും. ലോകത്തിന്‍റെ ഏതു കോണിൽ നിന്നും കൊവിഡ് 19 നെ കുറിച്ചുള്ള സംശയങ്ങൾ ഡോക്ടറുമായി പങ്കുവയ്ക്കാനാവും എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. സംസ്ഥാന സർക്കാരിന്‍റെ ബ്രൈക്ക് ദ ചെയിൻ ക്യാമ്പയിന്‍റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചതെന്ന് കൊച്ചി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ പറഞ്ഞു.
'സ്വരക്ഷ' ; ടെലി മെഡിസിൻ സംവിധാനമൊരുക്കി കൊച്ചി പൊലീസ് - സ്വരക്ഷ
സ്വരക്ഷയുടെ സേവനം ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയും ലഭ്യമാണ്.
സ്വരക്ഷയുടെ വാട്‌സ് ആപ്പ് വഴിയാണ് വൈദ്യസഹായം ലഭ്യമാവുക. സംശയങ്ങൾ ഉള്ള ആർക്കും 8590202050 എന്ന നമ്പർ വഴി സ്വരക്ഷയുടെ കൺട്രോൾ റൂമിലേക്ക് വാട്‌സ് ആപ്പ് വഴി മെസേജ് അയക്കാനാവും, ടെക്സ്റ്റ്, ഓഡിയോ, വീഡിയോ തുടങ്ങി ഏതുതരം മെസേജും വ്യക്തികൾക്ക് അയക്കാം. മെസേജ് ലഭിച്ചാൽ കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചുവിളിക്കും. ആരോഗ്യകരമായ സംശയ നിവാരണമാണെങ്കിൽ കൺട്രോൾ റൂം ഫോൺ കോൾ ലൈനിലുള്ള ഡോക്ടറുമായി ബന്ധിപ്പിക്കും. വിളിച്ചയാൾക്ക് ഡോക്ടറുമായി രോഗവിവരങ്ങൾ നേരിട്ട് സംസാരിക്കാം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മറ്റേതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമുണ്ടെങ്കിലും പൊലീസിനോട് ആവശ്യപ്പെടാമെന്നും കൊച്ചി പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു. ലോകത്തിലെവിടെ നിന്നും ആരോഗ്യകരമായ സംശയനിവാരണത്തിനുള്ള വഴിയാണ് പൊലീസിന്‍റെ സ്വരക്ഷ പദ്ധതി. സ്വരക്ഷയുടെ സേവനം ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയും ലഭ്യമാണ്.