എറണാകുളം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്‌ത കേസിൽ സ്വപ്‌നയുടെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്‌ച വിധി പറയും. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു സ്വപ്‌നയുടെ വാദം. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് നിയമപ്രകാരം ഏഴ് വർഷത്തിൽ താഴെ കുറ്റം ലഭിക്കാവുന്ന കുറ്റം ചുമത്തിയ കേസിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് പ്രതിഭാഗം സ്വാഭാവിക ജാമ്യത്തിനായി വാദിച്ചത്.
സ്വപ്‌നയുടെ ജാമ്യാപേക്ഷ; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്‌ച വിധി പറയും - swapna's bail application Court will pronounce its verdict on Tuesday
60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു സ്വപ്‌നയുടെ വാദം.
അറസ്റ്റ് രേഖപ്പെടുത്തിയത് അനുസരിച്ച് 72 ദിവസവും, റിമാന്‍റ് പ്രകാരം 62 ദിവസവും പിന്നിട്ടാണ് കുറ്റപത്രം സമർപ്പിച്ചത്. ജാമ്യാപേക്ഷ നൽകിയതറിഞ്ഞ് തിടുക്കത്തിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഇത് നിയമ വ്യവസ്ഥ പ്രതിക്ക് നൽകുന്ന അവകാശത്തെ ഹനിക്കലാണെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ജിയോ പോൾ വാദിച്ചു. എന്നാൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹതയില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ സൂര്യപ്രകാശ് വി രാജു വാദിച്ചു.
സിആർപിസി 167 പ്രകാരം ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇല്ല. ഈയൊരു സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം നൽകരുത്. സ്വപ്‌നക്കെതിരായ കുറ്റങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ഉന്നത സ്വാധീനമുള്ള ഇവർക്ക് ജാമ്യം നൽകരുതെന്നും എൻഫോഴ്‌സ്‌മെന്‍റിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിഭാഗത്തിന്‍റെയും എൻഫോഴ്‌സ്‌മെന്‍റിന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയത്.