എറണാകുളം:ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം കമ്മിഷനാണെന്ന സ്വപ്ന സുരേഷിന്‍റെ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പണം യൂണിടാക്കിൽ നിന്ന് ലഭിച്ച കമ്മിഷനാണെന്ന സ്വപ്നയുടെ വിശദീകരണം ശരിയല്ലെന്നും കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ചൂണ്ടികാണിച്ചു. ബാങ്ക് ലോക്കറിൽ നിന്നും പിടിച്ചെടുത്ത പണം യൂണിടാക്കില്‍ നിന്ന് ലഭിച്ച കമ്മിഷനാണെന്നായിരുന്നു ജാമ്യാപേക്ഷയില്‍ സ്വപ്നയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് വാദം. യൂണിടാക്ക് പ്രതിനിധി സന്തോഷ് ഈപ്പന്‍റെ മൊഴിപ്രകാരം സ്വപ്ന ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്ക് കമ്മീഷന്‍ നല്‍കിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്.
ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം കമ്മിഷനാണെന്ന വാദം കോടതി തള്ളി
പണം യൂണിടാക്കിൽ നിന്ന് ലഭിച്ച കമ്മിഷനാണെന്ന സ്വപ്നയുടെ വിശദീകരണം ശരിയല്ലെന്നും കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നാലാം പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഐസോമോങ്ക് എന്ന കമ്പനിയുടെ ശാസ്തമംഗലം ആക്സിസ് ബാങ്ക് ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് യൂണിടാക്ക് കമ്മിഷന്‍ തുക കൈമാറിയത്. കമ്മിഷൻ ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച കാര്യം നാലാം പ്രതി സന്ദീപ് നായരും സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ച തുക കള്ളപ്പണമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രഥമദൃഷ്ട്യാ ഇക്കാര്യം ശരിയാണെന്ന് ബോധ്യപ്പെട്ടതായി കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കള്ളപ്പണം ഉപയോഗിച്ച് വസ്തുവാങ്ങാന്‍ ശ്രമിച്ചതായും സംശയമുണ്ട്. അതിനാല്‍ സ്വപ്നക്കെതിരെ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം നിലനിൽക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. സ്വപ്നക്ക് ഇന്ത്യയിലും വിദേശത്തും വലിയ സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതായും കോടതി ഉത്തരവില്‍ വ്യക്തമാക്കി.