എറണാകുളം : നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലാണ് നീക്കം. തനിക്കെതിരെ ചുമത്തിയ യുഎപിഎ കേസ് നിലനിൽക്കില്ലെന്നാണ് പ്രധാനവാദം. കേസിന്‍റെ വിചാരണ നടപടികൾ അനന്തമായി നീളുകയാണെന്നും ജാമ്യഹർജിയിൽ പറയുന്നു.
നേരത്തെ എൻഐഎ പ്രത്യേക കോടതിയിൽ സ്വപ്ന സുരേഷ് നൽകിയ ജാമ്യഹർജി തള്ളിയിരുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടി ഒരുവർഷം തികയുന്ന ദിവസമാണ് സ്വപ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വർണക്കടത്തിന് പുറമെ ഡോളർ കടത്തും
ജൂലായ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടിച്ചു. ജൂലൈ പതിനൊന്നിന് ബെംഗളൂരുവിൽ നിന്നും എൻഐഎ സംഘം രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും, നാലാം പ്രതി സന്ദീപ് നായരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Also read: കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം; അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്
പിന്നാലെ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർ പിടിയിലായി. സ്വർണക്കടത്തിന് പുറമേ ഡോളര്‍ കടത്തിലും മൂവരും പ്രതികളായിരുന്നു. സ്വർണക്കടത്തിൽ കസ്റ്റംസും, ഇഡിയും പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
രണ്ട് കേസുകളിലും 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. നിലവിൽ കോഫേ പോസ നിയമപ്രകാരം സ്വപ്ന സുരേഷ് കരുതൽ തടങ്കലിലാണ്.