എറണാകുളം:മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയും കുടുംബവും യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഗൂഢാലോചനക്കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ആരോപണം.
യു.എ.ഇ കോൺസുൽ ജനറലുമായി ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നിരവധി തവണ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. മുഖ്യമന്ത്രിയെക്കൂടാതെ ഭാര്യ കമല, മകൾ വീണ, ഐ.എ.എസ് ഓഫിസർമാരായ നളിനി നെറ്റോ, ശിവശങ്കർ, മുൻ മന്ത്രി കെ.ടി ജലീൽ, മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ എന്നിവരും സ്വർണക്കടത്തിൽ പങ്കാളികളായിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്വപ്‌ന ആരോപിച്ചു.
കെ.ടി ജലീലും പൊലീസും ചേർന്നാണ് ഗൂഢാലോചന കേസ് ഉണ്ടാക്കിയയത്. ജലീൽ അടക്കമുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് കോടതിയിൽ മൊഴി നൽകിയതിലുള്ള വിരോധമാണ് കേസിനു പിന്നിലെന്നും ഹർജിയിൽ സ്വപ്‌ന പറയുന്നു. രഹസ്യമൊഴിയിലെ വസ്‌തുതകൾ പുറത്ത് വരുന്നത് തടയുന്നതിനാണ് കേസ് കെട്ടിച്ചമച്ചത്.
പൊലീസും ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ട്. കൂടാതെ കേസിനാസ്‌പദമായ കുറ്റകൃത്യങ്ങൾ നടക്കുകയോ, കലാപശ്രമങ്ങൾ ഉണ്ടാക്കുകയോ ചെയ്‌തിട്ടില്ല. തെളിവുകളില്ലാതെ കെട്ടിച്ചമച്ചെടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യം. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി വന്ന ഷാജ് കിരൺ രഹസ്യമൊഴി മാറ്റാൻ സമ്മർദം ചെലുത്തിയെന്നും ഹർജിയിൽ സ്വപന ആവർത്തിക്കുന്നുണ്ട്. ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും.
Also Read മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും: വി.ഡി സതീശന്‍