എറണാകുളം:മുൻ മന്ത്രി കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ. വാട്‌സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്വപ്‌നയുടെ സത്യവാങ്മൂലം.
യു.എ.ഇ ഭരണാധികാരികളുമായി ബന്ധമുണ്ടാക്കാനായി കെ.ടി ജലീൽ സമീപിച്ചിരുന്നെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ പറയുന്നു. നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്‌തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കെ.ടി ജലീൽ പിന്തുണ വാഗ്‌ദാനം ചെയ്‌തിരുന്നു. സംസ്ഥാന സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയുമടക്കം പിന്തുണയുണ്ടാകുമെന്ന് കോൺസുൽ ജനറലിന് ജലീൽ ഉറപ്പ് നൽകിയെന്നും സ്വപ്‌ന കോടതിയെ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ യു.എ.ഇ കോൺസുലേറ്റുമായി കെ.ടി ജലീൽ രഹസ്യ കൂടിക്കാഴ്‌ചകൾ നടത്തി. ചട്ടങ്ങൾ ലംഘിച്ച് യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചു. യു.എ.ഇ ഭരണാധികാരികൾക്കിടയിൽ പ്രത്യേക പരിഗണന ലഭിക്കാൻ സഹായിക്കണമെന്ന് ജലീൽ അഭ്യർഥിച്ചതായും സ്വപ്‌ന ആരോപിച്ചു.
കേരളത്തിൽ കേസ് നടന്നാൽ രക്ഷപ്പെടുമെന്ന് ശിവശങ്കർ പറഞ്ഞിരുന്നതായി സ്വപ്‌ന വ്യക്തമാക്കി.
എൻഐഎ പിടിച്ചെടുത്ത തന്‍റെ ഫോണിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവുകളുണ്ടെന്നും എന്നാൽ ഈ ഫോൺ കസ്റ്റഡി രേഖകളിൽ ഇല്ലെന്നും സ്വപ്‌ന പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുപറയാനാകില്ലെന്നും സ്വപ്‌ന പറഞ്ഞു. കൂടാതെ കേസ് അട്ടിമറിയ്ക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ഇ.ഡിക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു.