എറണാകുളം: കേന്ദ്ര സുരക്ഷ സേനയുടെ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയെ സമീപിച്ചു. സംസ്ഥാന പൊലീസിൻ്റെ സുരക്ഷ വേണ്ടെന്നും സ്വപ്‌ന. വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമിതിയുണ്ടെന്നും, ഇക്കാര്യത്തിൽ കോടതി ഉത്തരവുകൾ വേണമെന്നും ഇ ഡി കോടതിയെ അറിയിച്ചു.
ഈ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ചയിലേക്ക് മാറ്റി. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും രഹസ്യമൊഴി നൽകിയ ശേഷം സ്വപ്‌ന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
സ്വപ്‌ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് കോടതി ഇ.ഡി.ക്ക് നൽകി. രഹസ്യമൊഴിയിൽ എന്തെങ്കിലും പുതിയ വിവരങ്ങളുണ്ടോയെന്ന് പരിശോധിക്കും. രഹസ്യമൊഴി പരിശോധിച്ച ശേഷം ഇഡി തുടർ നടപടികൾ തീരുമാനിക്കും.
മുൻകൂർ ജാമ്യാപേക്ഷയുമായി അഭിഭാഷകൻ: എറണാകുളം സെൻട്രൽ പൊലീസെടുത്ത കേസിലാണ് അഡ്വക്കേറ്റ് കൃഷ്‌ണ രാജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സ്വപ്‌ന സുരേഷിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് തടയാനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജാമ്യാപേക്ഷയയിലെ വാദം. കൂടാതെ മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും സമൂഹമാധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്റ്റ് ചെയ്‌തതെന്നും കേസ് ദുരുദ്ദേശപരമാണെന്നും ഹർജിയിൽ പറയുന്നു.