എറണാകുളം: ആന്ധ്രാപ്രദേശ് സ്വദേശി എസ്‌വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഉത്തരവിറങ്ങി. സുപ്രീം കോടതി കൊളീജിയത്തിന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം. ആക്‌ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിച്ച ഒഴിവിലാണ് എസ്‌വി ഭട്ടിയെ നിയമിച്ചത്. 2019 മുതൽ കേരള ഹൈക്കോടതി സ്ഥിരം ജഡ്‌ജിയായി തുടരുന്നു. 1987ൽ അഭിഭാഷക ജീവിതം ആരംഭിച്ച ഭട്ടി 2013 ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിയായി നിയമിക്കപ്പെട്ടു.
ആന്ധ്രയിലെ ചിറ്റൂരാണ് അദ്ദേഹത്തിന്‍റെ സ്വദേശം. കേരള ഹൈക്കോടതി ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ കൂടിയാണ് എസ്‌വി ഭട്ടി. ബ്രഹ്മപുരം തീപിടിത്തം അടക്കം ഒട്ടേറെ പൊതുതാത്‌പര്യ വിഷയങ്ങളിൽ അദ്ദേഹം സ്വമേധയാ ഇടപെടൽ നടത്തിയിട്ടുണ്ട്.
അതേസമയം ഏപ്രില്‍ 24നാണ് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് മണികുമാര്‍ വിരമിച്ചത്. 2019 ഒക്‌ടോബര്‍ 11നായിരുന്നു മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. ഇതിന് മുമ്പ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്നു അദ്ദേഹം.
കൊവിഡ് മഹാമാരി കാലത്ത് പോലും ഹൈക്കോടതി നടപടികള്‍ മുടങ്ങാതിരിക്കാന്‍ പ്രവര്‍ത്തനം നടത്തിയ ചീഫ് ജസ്റ്റിസ് ആയിരുന്നു മണികുമാര്‍. ഹര്‍ജികള്‍ ഓണ്‍ലൈന്‍ മുഖേന ഫയലില്‍ സ്വീകരിക്കല്‍, വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വിചാരണയ്‌ക്കായി ഉപയോഗിക്കല്‍ എന്നിവ ഹൈക്കോടതിയില്‍ നടപ്പിലാക്കിയതും അദ്ദേഹമാണ്. കീഴ്‌ക്കോടതി സംവിധാനം ആധുനിക വത്‌കരിക്കുന്നതിലും ജസ്റ്റിസ് മണികുമാര്‍ പ്രധാന പങ്കുവഹിച്ചു.
ട്രെയിന്‍ യാത്രികരുടെ സുരക്ഷ, മാരക രോഗത്തിന് അടിമപ്പെട്ട കുട്ടികള്‍ക്കുള്ള പ്രത്യേക ഫണ്ട്, വിസി നിയമനത്തിലെ മാനദണ്ഡം, ലോകായുക്ത അധികാരം നിര്‍ണയിക്കുന്ന വിധി, സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പരാതിപ്പെട്ടി തുടങ്ങിയവയാണ് ജസ്റ്റിസ് എസ് മണികുമാറിന്‍റെ നിര്‍ണായക വിധികള്‍. അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറായി സേവനം അനുഷ്‌ഠിക്കുന്നതിനിടെ 2006ല്‍ മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കപ്പെടുകയായിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ അഭിഭാഷക മദ്രാസ് ഹൈക്കോടതി ജഡ്‌ജി:നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയതിന് വിമര്‍ശനം നേരിട്ട വിക്‌ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡിഷണല്‍ ജഡ്‌ജിയായി നിയമിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിക്‌ടോറിയയെ ജഡ്‌ജിയായി നിയമിക്കാനുള്ള സുപ്രീം കോടതി കൊളീജിയം ശുപാര്‍ശക്കെതിരെ വന്ന ഹര്‍ജി പരിഗണിക്കാനിരിക്കെയായിരുന്നു വിക്‌ടോറിയയെ നിയമിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ അഭിഭാഷകയായിരുന്നു വിക്‌ടോറിയ ഗൗരി. ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിമാരായി നിയമിക്കാന്‍ ഈ വര്‍ഷം ജനുവരി 17ന് കൊളീജിയം ശുപാര്‍ശ ചെയ്‌തത്. വിക്‌ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കുന്നത് അധാര്‍മികമാണെന്നും ആരോപിച്ച് ഹൈക്കോടതിയിലെ ചില അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി നേരത്തേ വിദ്വേഷപ്രസംഗം നടത്തിയതിനാണ് വിക്‌ടോറിയ ഗൗരി വിമര്‍ശനം നേരിട്ടത്.
Also Read:'വിക്‌ടോറിയയ്‌ക്ക് ന്യൂനപക്ഷ വിരുദ്ധ കാഴ്‌ചപ്പാട്, ബിജെപിയുമായി ബന്ധം'; മദ്രാസ് ജഡ്‌ജി നിയമനത്തിനെതിരായ ഹര്‍ജി നാളെ പരിഗണിക്കും