എറണാകുളം: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സർവേ റിപ്പോർട്ട് സമർപ്പിച്ച് റവന്യൂ വിഭാഗം (Survey Report Against Mathew Kuzhalnadan). കോതമംഗലത്തെ
കുടുംബ വീടിനോട് ചേർന്ന നെൽവയൽ മണ്ണിട്ടുനികത്തിയതിൽ ക്രമക്കേടുണ്ടെന്ന് സർവേ റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന. പുതുതായി നിർമിച്ച കുളത്തിലേക്കുള്ള ചവിട്ടുപടികൾ ഉൾപ്പെടുന്ന ഭാഗം അനധികൃതമായി മണ്ണിട്ടുനികത്തിയെന്നാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കോതമംഗലം തഹസിൽദാർ എംകെ നാസറിനാണ് താലൂക്ക് സർവേയർ റിപ്പോർട്ട് കൈമാറിയത്.
ഓഗസ്റ്റ് പതിനെട്ടിനായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ (Mathew Kuzhalnadan MLA) കുടുംബ വീടിനോട് ചേർന്നുള്ള സ്ഥലത്ത്, താലൂക്ക് സർവേയർമാരായ എംവി സജീഷ്, രതീഷ് വി പ്രഭു എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ റീസർവേ നടത്തിയത്. നിലം നികത്താൻ അനുമതി ഉണ്ടായിരുന്നതിൽ കൂടുതൽ സ്ഥലത്ത് അനധികൃതമായി മണ്ണിട്ട് നികത്തി എന്നാണ് സർവേയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ലഭിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി തഹസിൽദാർ കലക്ടർ എൻ എസ് കെ ഉമേഷിന് കൈമാറി. വിജിലൻസ് നിർദേശപ്രകാരമാണ് റവന്യൂ ഉദ്യോഗസ്ഥർ റീസർവേ നടത്തിയത്. ആധാരത്തിലുള്ള അളവ് പ്രകാരം അതിരുകൾ നിശ്ചയിച്ചാണ് അളവ് എടുത്തത്. എറണാകുളം, കടവൂർ വില്ലേജിലെ ആയങ്കരയിൽ 786/1, 812/2, 812/3 ബി, 812/1ബി, 812/22, 786/1 എന്നീ സർവേ നമ്പറുകളിലുള്ള 4.5 ഏക്കർ ഭൂമിയിലായിരുന്നു സർവേ. മൂന്നുമണിക്കൂറിലധികം സമയമെടുത്തായിരുന്നു സർവേ പൂർത്തിയാക്കിയത്.