കേരളം

kerala

ETV Bharat / state

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് മുന്നോടിയായുള്ള സർവേ നടപടികൾ ആരംഭിച്ചു

നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി

By

Published : Nov 22, 2019, 1:45 PM IST

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് മുന്നോടിയായുള്ള സർവേ നടപടികൾ ആരംഭിച്ചു. കനത്ത മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ എപ്പോഴും വെള്ളക്കെട്ട് ഉണ്ടാകാറുള്ള 27 ഡിവിഷനുകളിലാണ് ആദ്യഘട്ടത്തിൽ സർവ്വേ നടത്തുന്നത്. ഇതിന് പുറമേ നഗരത്തിലെ അഞ്ച് പ്രധാന കനാലുകളിൽ ജലം ഒഴുക്ക് തടസ്സപ്പെടുന്നതിനുള്ള കാരണം കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളിലെ എക്സിക്യൂട്ടീവ് എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്. തടസ്സങ്ങൾ നീക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ആവശ്യമായി വരുന്ന ചെലവും നിർദേശിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രേക്ക് ത്രൂ പദ്ധതിയുടെ മേൽനോട്ടത്തിനായി വിവിധ വകുപ്പുകളുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ ഉൾപ്പെട്ട ടെക്നിക്കൽ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഒരു കോടി രൂപക്കുള്ളിൽ ചെലവ് വരുന്ന ജോലികളുടെ എസ്റ്റിമേറ്റുകൾ പരിശോധിച്ച് അംഗീകരിക്കേണ്ടത് ടെക്നിക്കൽ കമ്മിറ്റിയാണ്. ഇതിന് മുകളിൽ വരുന്ന തുകക്കുള്ള എസ്റ്റിമേറ്റുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കണം. വെള്ളക്കെട്ട് നിവാരണ ജോലി നടപ്പാക്കേണ്ട വകുപ്പുകളെ തെരഞ്ഞെടുക്കുന്നതും ടെക്നിക്കൽ കമ്മിറ്റിയാണ്. ഡിസംബർ രണ്ടിനകം ടെക്നിക്കൽ കമ്മിറ്റി ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കും.

ജനുവരി ഒന്നിന് ആരംഭിക്കുന്ന വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ജില്ലാഭരണകൂടം ലക്ഷ്യമിട്ടിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ പ്രവർത്തനങ്ങളുടെ ക്വാളിറ്റി ഓഡിറ്ററായി പ്രവർത്തിക്കും. വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details