എറണാകുളം:ഹൈക്കോടതി (Kerala High Court) വരാന്തയിൽ യുവാവിൻ്റെ ആത്മഹത്യാശ്രമം. ത്യശൂർ സ്വദേശിയായ യുവാവാണ് (Thrissur native youth) ജീവനൊടുക്കാന്‍ ശ്രമിച്ചത്. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യ നില ഗുരുതരമല്ലന്നാണ് വിവരം.
തൃശൂർ സ്വദേശിയായ യുവാവും നിയമവിദ്യാർഥിനിയും സൗഹൃദത്തിലായിരുന്നു. ഇരുവരും കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ മകളെ കാണാനില്ലെന്ന് അറിയിച്ച് ഹേബിയസ് കോർപ്പസ് ഹർജിയുമായി (Habeas corpus petition) ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ചപ്പോൾ പെൺകുട്ടി മാതാപിതാക്കളോടൊപ്പം പോകാൻ തീരുമാനിച്ചതായി കോടതിയെ അറിയിക്കുകയായിരുന്നു.
ഇത് കേട്ടയുടൻ കോടതി മുറിയിൽ നിന്നും പുറത്തിറങ്ങിയ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ഇതേ തുടർന്ന് അല്‍പസമയം കോടതി നടപടികൾ തടസപ്പെടുകയും ചെയ്‌തു. രക്ഷിതാക്കളോടൊപ്പം പോകാനുള്ള യുവതിയുടെ തീരുമാനം അറിഞ്ഞതോടെയാണ് യുവാവ് അപ്രതീക്ഷിതമായ ആത്മഹത്യാശ്രമം നടത്തിയത്.
'പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു':ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇക്കഴിഞ്ഞ എപ്രില്‍ 10നാണ് സംഭവം. ഷോക്കേറ്റ് താഴെ വീണ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി സ്വദേശിയായ ഷാജി എന്നയാള്‍ക്കാണ് പരിക്ക്. ട്രാന്‍സ്‌ഫോര്‍മറിലെ വൈദ്യുതി ലൈനില്‍ തൊട്ടതോടെ ഷോക്കേറ്റ് യുവാവ് താഴെ വീഴുകയായിരുന്നു. വീഴ്‌ചയെ തുടര്‍ന്ന് തലയ്‌ക്ക് പരിക്കേറ്റ യുവാവ് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
READ MORE |പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഷോക്കേറ്റ് ചികിത്സയില്‍
ഏപ്രില്‍ 10ന് രാവിലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിയ ഉടന്‍ ഇയാള്‍ പൊലീസ് ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറുകയായിരുന്നു. ഷാജിയ്‌ക്ക് ഷോക്കേറ്റതോടെ പൊലീസ് ചാലക്കുടി കെഎസ്‌ഇബിയില്‍ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ആവശ്യപ്പെട്ടു. ശരീരത്തില്‍ 15 ശതമാനം ഇയാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
പെട്രോള്‍ ഒഴിച്ച് തൊഴിലാളികളുടെ ആത്മഹത്യാഭീഷണി:തിക്കോടി എഫ്‌സിഐ ഗോഡൗണില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് തൊഴിലാളികള്‍ ആത്മഹത്യാശ്രമം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എഫ്‌സിഐയിലെ ലോറി ഡ്രൈവര്‍ മൂരാട് അന്‍വര്‍ മന്‍സിലില്‍ യാസര്‍ അറാഫത്താണ് (31) ആത്‌മഹത്യാശ്രമം നടത്തിയത്. ഇയാൾ ലോറിക്ക് മുകളില്‍ കയറി പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. മാര്‍ച്ച് 22ന് രാവിലെ 10.45ന് കനത്ത പൊലീസ് സുരക്ഷയ്ക്കിടെയായിരുന്നു സംഭവം.
READ MORE |തിക്കോടി എഫ്‌സിഐ ഗോഡൗണില്‍ തൊഴിലാളിയുടെ ആത്മഹത്യാശ്രമം
തിക്കോടി എഫ്‌സിഐയിൽ മാസങ്ങളായി തുടരുന്ന തൊഴിലാളി സമരത്തിനിടെയായിരുന്നു ആത്മഹത്യാശ്രമം നടന്നത്. പുതുതായി കരാറെടുത്ത ആളുടെ 17 ലോറികള്‍ ഗോഡൗണില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു യാസര്‍ അറാഫത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ പയ്യോളി പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെസി സുഭാഷ് ബാബു ലോറിക്ക് മുകളില്‍ കയറി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ദിശ ഹൈല്‍പ്‌ലൈന്‍ നമ്പര്‍: 1056