രജനികാന്ത് രൂപസാദൃശ്യവുമായി സുധാകര പ്രഭു എറണാകുളം: ഫോർട്ട് കൊച്ചിയിലെത്തി ഒരു ചായ കുടിക്കാൻ തോന്നിയാല്‍ തിരക്കൊഴിഞ്ഞ പട്ടാളം റോഡിലേക്ക് പോകാം. ആദ്യം കാണുന്ന ശ്രീ വെങ്കിടേശ്വര ടീ ഷോപ്പിൽ കയറി കടുപ്പമുള്ള ഒരു ചായ പറഞ്ഞാല്‍, ചായയുമായി കൺമുന്നിലെത്തുന്നത് സൂപ്പർസ്റ്റാർ രജനികാന്ത് (Sudhakara prabhu looks like superstar Rajinikanth). ഇത് സ്വപ്‌നമാണോ എന്ന് ആലോചിച്ചു ബുദ്ധിമുട്ടണമെന്നില്ല.
കോമഡി - മിമിക്രി ഷോകളില്‍ കണ്ട് പരിചയിച്ച രജനികാന്തല്ല, ഇത് മേക്കപ്പും വേഷവിധാനങ്ങളുമില്ലാത്ത രജനികാന്ത്. കാര്യം പിടികിട്ടിയില്ലെങ്കില്‍ കഥ പറയാം. ഇത് ഫോർട്ടുകൊച്ചി സ്വദേശി സുധാകര പ്രഭു. രജനികാന്തിന്‍റെ കടുത്ത ആരാധകനാണ്. പ്രായം 63. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു രജനികാന്ത് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ടിവിയിൽ കാണുമ്പോഴാണ് സുധാകര പ്രഭുവിന് സ്വന്തം രൂപത്തിന് സാക്ഷാല്‍ രജനികാന്തുമായുള്ള സാമ്യം ബോധ്യപ്പെടുന്നത്.
സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഇരുവശത്തുമുള്ള മുടി പറന്നു ഉയരും. ഇത് കണ്ട നാട്ടുകാരാണ് ദേ രജനികാന്ത് പോകുന്നു എന്ന് പറഞ്ഞുതുടങ്ങിയത്. ദിവസവും കാണുന്നതിനാല്‍ നാട്ടുകാർക്ക് സുധാകരപ്രഭു താരമായില്ല. അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പ്രഭു സിനിമ പ്രവർത്തകരുടെ കണ്ണിലുടക്കിയത്.
സംവിധായകൻ നാദിർഷ സുധാകര പ്രഭുവിന്‍റെ ഒരു ചിത്രം 'ഫോർട്ടുകൊച്ചി തലൈവർ' (Fort Kochi Thalaivar) എന്ന ടാഗ് ലൈനോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഒറ്റരാത്രികൊണ്ട് ചിത്രം വൈറൽ. ടെലിവിഷൻ ഷോകളില്‍ അതിഥിയായി. ജയിലർ സിനിമ തിയേറ്ററില്‍ നിറഞ്ഞോടുന്നതിനിടെ ദേശീയ മാധ്യമങ്ങൾ ഫോർട്ടുകൊച്ചി തലൈവറെ തേടിയെത്തി. ഇതോടെ നാട്ടുകാരും പ്രഭുവിനെ ആഘോഷമാക്കി. ഇത്രകാലം ഇല്ലാതിരുന്ന എന്താണ് ഇപ്പോൾ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന് സുധാകര പ്രഭുവിന് മനസ്സിലായിട്ടില്ല. അങ്ങനെയെങ്കില്‍ ഏതേലും സിനിമയില്‍ തനിക്കൊരു വേഷം കിട്ടുമെന്നാണ് പ്രഭുവിന്‍റെ പ്രതീക്ഷ.
ഭാര്യ സുധയ്‌ക്കൊപ്പമാണ് ശ്രീ വെങ്കിടേശ്വര ഹോട്ടൽ നടത്തിപ്പോരുന്നത്. സുപർണ, അപർണ, അമൃത എന്നിവരാണ് മക്കൾ. മൂന്നുപേരും ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ഐടി മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ജോലി നോക്കുന്നു.