എറണാകുളം: കൊച്ചിയിൽ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയെഴുതാനാവാതെ വലഞ്ഞ് വിദ്യാർഥികൾ. കൊച്ചി തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർ സ്‌കൂളിലെ 29 വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാനുള്ള അവസരം നഷ്‌ടമായത്. ഇന്ന് ആരംഭിച്ച സി.ബി.എസ്.ഇ പരീക്ഷക്കായി എത്തിയപ്പോഴാണ് തങ്ങൾക്ക് പരീക്ഷയെഴുതാൻ കഴിയില്ലന്ന് വിദ്യാർഥികളും രക്ഷിതാക്കളും അറിയുന്നത്. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്‌കൂൾ മാനേജ്മെന്‍റ് മറച്ചുവെച്ചുവെന്നാണ് ഇവർ പറയുന്നത്. തുടർന്ന് രക്ഷിതാക്കളും കുട്ടികളും രാവിലെ മുതൽ സ്‌കൂളിന് മുന്നിൽ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. എന്നാൽ വ്യക്തമായ ഉത്തരം നൽകാൻ മാനേജ്മെന്‍റ് തയ്യാറായില്ല.
പരീക്ഷയെഴുതാൻ കഴിയാത്തതിൽ മനം നൊന്ത് പൊട്ടിക്കരയുന്ന രക്ഷിതാക്കളും വിദ്യാർഥികളും വരും ദിവസങ്ങളിൽ പരീക്ഷയെഴുതുന്നതിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സമരം ശക്തമാക്കിയതോടെ അടുത്ത വർഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂൾ മാനേജ്മെന്‍റ് അധികൃതർ ഒടുവിൽ നൽകിയത്. എന്നാൽ കുട്ടികളുടെ ഒരു വർഷം പാഴായി പോകുമെന്നതിനാൽ ബദൽ മാർഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.