എറണാകുളം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പ് വെച്ച സർക്കാർ തീരുമാനത്തിനെതിരെ കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ പ്രതിഷേധം ശക്തം. ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന കേരളത്തിലെ തൊഴിലാളികളുടെ എണ്ണം പരിശോധിച്ചാൽ തുലോ വിരളമാണ്. ആധുനിക ബോട്ടുകളുടെയും പരിശീലനം ലഭിച്ച തൊഴിലാളികളുടെയും കുറവാണ് ആഴക്കടൽ മത്സ്യബന്ധനത്തിൽ കേരളത്തെ പുറകോട്ടടിക്കുന്നത്.
ഇഎംസിസി കരാർ; മത്സ്യബന്ധന മേഖലയിൽ പ്രതിഷേധം ശക്തം
മത്സ്യബന്ധന മേഖലയെ പൂർണമായും വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള തീരുമാനത്തെ എതിർക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്
കേരളത്തിൽ നിന്നുള്ള 650 യാനങ്ങളാണ് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നത്. ഇതിൽ 600 എണ്ണവും തമിഴ്നാട് രജിസ്ട്രേഷനില്‍ ഉള്ളവയാണ്. അവശേഷിക്കുന്ന 50 യാനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. കേരളത്തിൽ നിന്നുള്ള യാനങ്ങളിൽ ജോലി ചെയ്യുന്നത് തമിഴ്നാട്ടിലെ പുത്തൂർ ജില്ലയിൽ നിന്നുള്ള തൊഴിലാളികളാണ്. കൊച്ചിയിൽ നിന്ന് മാത്രം ഏഴായിരത്തോളം തൊഴിലാളികൾ ഇത്തരത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നുണ്ട്.
കേരളത്തിൽ നിന്നും നൂറോളം ടണൽ വള്ളങ്ങൾ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നുണ്ട്. ഇതിൽ മലയാളികളായ 600 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതാകട്ടെ സാഹസികവും അപകടം നിറഞ്ഞതുമായ മത്സ്യബന്ധനമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് കേരളത്തിലെ തൊഴിലാളികളെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളാണ് മത്സ്യ ബന്ധന മേഖലയിൽ നിന്നുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇതിന്‍റെ മറവിൽ മത്സ്യബന്ധന മേഖലയെ പൂർണമായും വിദേശ കുത്തകകൾക്ക് തീറെഴുതാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സർക്കാർ കരാറുണ്ടാക്കിയതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.