എറണാകുളം: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ ക്രൂരമായി കൊന്ന സംഭവത്തിൽ നഗരസഭയ്ക്കെതിരെ പ്രതിപക്ഷം. ചെയർപേഴ്സൺ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അതേസമയം തെരുവ് നായ്ക്കളെ കൊല്ലാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലന്നാണ് നഗരസഭ അറിയിച്ചത്.
കാക്കനാട്ട് തെരുവുനായ്ക്കളെ കമ്പിയിൽ കുരുക്കി കൊല്ലുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മൂന്നംഗ സംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തിൽ കമ്പി കുരുക്കുകയും വിഷം കുത്തിവെച്ചതിനുശേഷം വാനിലേക്ക് വലിച്ചെറിയുന്നതുമായിരുന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ നഗരസഭയുടെ നിർദേശപ്രകാരമാണ് നായ്ക്കളെ കൊന്നതെന്നാണ് നായ്പിടിത്തക്കാർ പറഞ്ഞത്.