എറണാകുളം :ഒളിമ്പിക്സ് ഹോക്കിയില്‍ ടോക്കിയോയില്‍ ഇന്ത്യന്‍ ടീം വെങ്കലമെഡൽ നേടിയതിന്റെ ആഹ്ളാദത്തിലാണ് പി.ആർ. ശ്രീജേഷിന്റെ കുടുംബം. ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ നിര്‍ണായക സേവുകളാണ് കരുത്തരായ ജര്‍മനിക്കെതിരെ ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
എറണാകുളം കിഴക്കമ്പലത്തെ പി.ആർ. ശ്രീജേഷിന്റെ വീട്ടിൽ രാവിലെ മുതല്‍ ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നിമിഷങ്ങളായിരുന്നു. താരത്തിന്റെ മാതാപിതാക്കളും ഭാര്യയുമുൾപ്പടെയുള്ളവർ പ്രാർഥനകളോടെയാണ് മത്സരം കണ്ടത്. ജർമനി ആദ്യം ലീഡ് നേടിയെങ്കിലും ഇന്ത്യൻ ടീം ഒപ്പമെത്തിയതോടെ ആശങ്കയകന്നു.
- ടീമിന്റെ രക്ഷകരായി ശ്രീജേഷും ഹർമന്‍പ്രീതും
രണ്ട് ഗോളിന് ഇന്ത്യ ലീഡ് നേടിയതോടെ പ്രതീക്ഷയേറി. എന്നാൽ അവസാന ക്വാർട്ടറിൽ ലീഡ് നില ഒന്നായി ചുരുങ്ങിയതോടെ സമ്മർദ നിമിഷങ്ങളായിരുന്നു.
അവസാന നിമിഷം ജർമനിക്ക് അനുകൂലമായ പെനാൾട്ടിയിൽ നിന്നും ഇന്ത്യൻ ടീമിന്റെ രക്ഷകനായി ശ്രീജേഷ് മാറിയതോടെ കുടുംബത്തിന്റെ സന്തോഷം അണപൊട്ടി.
ഇന്ത്യയുടെ വിജയത്തിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്ന് ശ്രീജേഷിന്റെ ഭാര്യ ഡോ.അനീഷ്യ ഇ.ടി. വി. ഭാരതിനോട് പറഞ്ഞു. ഇന്ത്യൻ ടീം നന്നായി കളിച്ചു. ഈ വിജയം ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണന്നും അനീഷ്യ പറഞ്ഞു.
ഏറെ അഭിമാനമുണ്ടെന്നും എല്ലാവരോടും നന്ദി രേഖപ്പെടുന്നുവെന്നും അച്ഛൻ രവീന്ദ്രനും സന്തോഷം പങ്കിട്ടു. സ്വർണത്തേക്കാള്‍ മികച്ചതാണ് ഈ വെങ്കല നേട്ടമെന്ന് അമ്മ ഉഷ പറഞ്ഞു. നെഞ്ചിടിപ്പോടെയാണ് മത്സരം കണ്ടതെന്നും അവര്‍ പ്രതികരിച്ചു.
- മെഡൽ നേട്ടം നാല് പതിറ്റാണ്ടുകൾക്ക് ശേഷം