കൊച്ചി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ സ്പോർട്‌സ് സിറ്റി ഒരുങ്ങുന്നു. കാക്കനാട് ഇൻഫോ പാർക്കിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സ്പോർട്‌സ് സിറ്റി ആരംഭിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനം ശനിയാഴ്‌ച നടക്കും. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യും. പി.ആർ.ശ്രീജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്‌ടർ എസ്.സുഹാസ് മുഖ്യാതിഥിയാകും.
ഒളിമ്പ്യൻ ശ്രീജേഷിന്‍റെ നേതൃത്വത്തിൽ സ്പോർട്‌സ് സിറ്റി ഒരുങ്ങുന്നു - കൊച്ചി സ്പോർട്‌സ് സിറ്റി
സ്പോർട്‌സ് സിറ്റിയുടെ ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനം ശനിയാഴ്‌ച ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്യും
കേരളത്തിന്‍റെ കായിക മേഖലയിൽ പുതിയൊരു മാതൃക സൃഷ്‌ടിക്കുകയാണ് ഈ സംരഭത്തിന്‍റെ ലക്ഷ്യം. തന്‍റെ കായികാനുഭവങ്ങൾ പുതിയ തലമുറയ്ക്ക് സ്പോർട്‌സ് സിറ്റിയിലൂടെ പകർന്നുനൽകാൻ കഴിയുമെന്നും ശ്രീജേഷ് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഫുട്ബോൾ ഗ്രൗണ്ട്, 4000 പേർക്ക് കളി കാണാനുള്ള സൗകര്യം, റോളർ സ്കേറ്റിങ്ങ് പിച്ച്, റോൾ ബോൾ കോർട്ട്, ബാസ്‌കറ്റ് ബോൾ കോർട്ട്, ഓപ്പൺ യോഗ കോർട്ട് തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ പത്ത് ഷട്ടിൽ കോർട്ടുകൾ, ഹൈടെക് ജിം, റസ്റ്റോറന്‍റ്, മിനി കോൺഫറൻസ് ഹാൾ എന്നിവയും ഒരുക്കും. ഭാവിയിൽ സ്പോർട്‌സ് അക്കാദമിയും സ്ഥാപിക്കും. ഇതിനായി വിദേശത്തും സ്വദേശത്തുമുള്ള പ്രഗത്ഭരായ പരിശീലകരുടെ സേവനം ഉറപ്പാക്കും. കുന്നത്തുനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായ നിസാർ ഇബ്രാഹീമാണ് പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.