എറണാകുളം:ഒരു മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിൽ, ഹൈഡ്രോളിക്ക് സംവിധാനത്തിൽ തകരാര്‍ സംഭവിച്ച ജിദ്ദ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. ജിദ്ദ - കോഴിക്കോട് വിമാനമാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയത്. വൈകുന്നേരം 6.27ന് കോഴിക്കോട് ഇറങ്ങേണ്ട സ്പൈസ് ജെറ്റിന്‍റെ എസ്‌ജി 036 വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.
ഹൈഡ്രോളിക്ക് സംവിധാനത്തിൽ തകരാര്‍; കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ജിദ്ദ - കോഴിക്കോട് വിമാനം - സ്പൈസ് ജെറ്റ്
ഹൈഡ്രോളിക്ക് സംവിധാനത്തിൽ തകരാറിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ട ആശങ്കകൾക്കൊടുവിലാണ് ജിദ്ദ - കോഴിക്കോട് വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്
ഇതേതുടർന്ന്, കൊച്ചി എയർപോർട്ടിൽ 6.29ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏത് സാഹചര്യവും നേരിടാനുള്ള സാഹചര്യം എയർപോർട്ട് അധികൃതർ സജ്ജമാക്കിയിരുന്നു. 7.19 നാണ് വിമാനം സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇതോടെ കൊച്ചി എയർപോർട്ടിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു. അടിയന്തരമായി ഇറക്കിയ വിമാനത്തിൽ 191 യാത്രക്കാരാണുണ്ടായിരുന്നത്. ശേഷം, മുഴുവന്‍ യാത്രക്കാരെയും സ്‌പൈസ് ജെറ്റ് എസ്‌ജി 17 വിമാനത്തില്‍ കോഴിക്കോടെത്തിക്കും. ഈ സമയം കൊച്ചിയിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ തിരിച്ചുവിടുകയും ചെയ്‌തു.
ഗവര്‍ണര്‍ സഞ്ചരിച്ച വിമാനം തിരിച്ചുവിട്ടു:കോഴിക്കോട് - ജിദ്ദ വിമാനത്തിന്‍റെ എമർജൻസി ലാൻഡിങിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ച വിമാനം കൊച്ചിയില്‍ ഇറക്കാതെ കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. കൊച്ചി എയർപോർട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഗവർണർ സഞ്ചരിച്ച, തിരുവനന്തപുരത്ത് നിന്നുള്ള വിമാനം അര മണിക്കൂറോളം ആകാശത്ത് വട്ടമിട്ടുപറന്ന ശേഷമാണ് കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടത്. രണ്ടുതവണ പരാജയപ്പെട്ട ശേഷം മൂന്നാം തവണയാണ് ജിദ്ദ വിമാനം, പൈലറ്റ് സുരക്ഷിതമായി റൺവേയിലിറക്കിയത്.