എറണാകുളം :വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്‌ത്രീ ശാക്തീകരണം സാധ്യമാവുകയുള്ളൂവെന്ന് നിയമസഭ സ്പീക്കർ എ.എന്‍ ഷംസീർ. സ്‌ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് കേരളം മുന്നോട്ടുപോകുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന പ്രാധാന്യം ഇതിന് തെളിവാണെന്നും സ്പീക്കർ പറഞ്ഞു. ആലുവ ഗവ. ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നന്നായി പഠിക്കണം, വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്‌ത്രീ ശാക്തീകരണം സാധ്യമാവൂ : എ.എന്‍ ഷംസീര്‍
പെൺകുട്ടികൾ നന്നായി പഠിക്കണമെന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമേ സ്‌ത്രീ ശാക്തീകരണം സാധ്യമാവുകയുള്ളൂവെന്നും സ്പീക്കർ എ.എന്‍ ഷംസീർ, വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകാന്‍ കുസാറ്റ് എടുത്ത തീരുമാനത്തിനും കൈയ്യടി
പെൺകുട്ടികൾ നന്നായി പഠിക്കണം. പഠിച്ച് ജോലി ചെയ്‌ത് കുടുംബ ജീവിതം ആരംഭിക്കുക. സ്വന്തം കാലിൽ നിൽക്കുക. അതിന് വിദ്യാഭ്യാസം അനിവാര്യമാണെന്നും അത് മാത്രമാണ് സ്‌ത്രീ ശാക്തീകരണത്തിലേക്കുള്ള വഴിയെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ പൊതുവിദ്യാലയങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതിന് തെളിവാണ് അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള വിദ്യാർഥികളുടെ തിരിച്ചൊഴുക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർഥിനികൾക്ക് ആർത്തവാവധി നൽകാന്‍ കൊച്ചി സർവകലാശാല എടുത്ത തീരുമാനം വിപ്ലവകരമാണ്. ഇത് മറ്റ് സർവകലാശാലകളിലേക്കും വ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അൻവർ സാദത്ത് എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 1.50 കോടി രൂപ വകയിരുത്തിയാണ് ആലുവ ഗവ. ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കിയത്. മൂന്ന് നിലകളിലായി ആറ് ക്ലാസ് മുറികൾ, ശൗചാലയം, സ്‌റ്റാഫ്, പ്രിൻസിപ്പാള്‍, അധ്യാപകർ, അനധ്യാപകർ എന്നിവർക്കുള്ള മുറികൾ, ഭിന്നശേഷി വിദ്യാർഥികൾക്ക് റാംപ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.