എറണാകുളം:യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലൈ ആറിന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യ ഹർജിയിൽ ഇരയെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്.
സമൂഹ മാധ്യമത്തിലൂടെ യുവതിയെ അപമാനിച്ച കേസ്: സൂരജ് പാലാക്കാരന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജൂലൈ ആറിന് വീണ്ടും പരിഗണിക്കും - സൂരജ് പാലാക്കാരന്‍
ക്രൈം നന്ദകുമാറിന് എതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെ കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ സൂരജ് പാലാക്കാരന്‍ പ്രചരിപ്പിച്ചതിനാണ് കേസ്

ജാമ്യാപേക്ഷയിൽ എതിർ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി പരാതിക്കാരിക്ക് സമയവും നൽകി. അതേസമയം കേസില്‍ അറസ്‌റ്റ് തടയണമെന്ന സൂരജിന്‍റെ അഭിഭാഷകന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യമില്ലാവകുപ്പ് പ്രകാരമെടുത്ത കേസിൽ അറസ്റ്റിനുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു സൂരജ് ഹൈക്കോടതിയെ സമീപിച്ചത്.
ക്രൈം നന്ദകുമാറിന് എതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെ കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതാണ് യൂട്യൂബറിന് എതിരെയുള്ള കേസ്. യുവതി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കലിനൊപ്പം, പട്ടിക ജാതി - പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്.