എറണാകുളം:കൊച്ചിയിൽ കുടുങ്ങിയ 167 വനിതാ അതിഥി തൊഴിലാളികളെ വിമാന മാർഗം നാട്ടിലെത്തിച്ച് ബോളിവുഡ് നടൻ സോനു സൂദ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൊച്ചിയില്‍ നിന്ന് ഇവരെ പ്രത്യേക വിമാനത്തിൽ ഭുവനേശ്വറിലേക്ക് അയച്ചത്. ഭുവനേശ്വറിൽ നിന്നും സ്വന്തം വീടുകളിലേക്കെത്താനുള്ള യാത്ര സൗകര്യവും നടന്‍ തന്നെ ഒരുക്കിയിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൂട്ടിയ വസ്ത്ര നിര്‍മാണശാലയിലെ തൊഴിലാളികള്‍ക്കാണ് താരത്തിന്‍റെ സഹായം.
അതിഥി തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലെത്തിച്ച് സോനു സൂദ്
കൊച്ചിയില്‍ നിന്ന് ഒഡീഷയിലേക്ക് 167 വനിതാ അതിഥി തൊഴിലാളികളെയാണ് സോനു പ്രത്യേക വിമാനത്തില്‍ നാട്ടിലേക്കയച്ചത്.
വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായ തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് വനിതകളെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് സോനു രംഗത്തെത്തിയത്. റോഡ് മാർഗം അന്തർസംസ്ഥാന യാത്ര ബുദ്ധിമുട്ടായതിനാലാണ് വനിതകളായ അതിഥി തൊഴിലാളികളെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാന്‍ ചെലവേറിയ വ്യോമയാത്ര തന്നെ താരം സ്പോൺസർ ചെയ്തത്.
നേരത്തെ ലോക്ക് ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ കർണാടകയിലേക്ക് മടങ്ങാനും താരം സഹായിച്ചിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടെ നിരവധി പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കിയും ആരോഗ്യപ്രവർത്തകർക്ക് താമസമൊരുക്കിയും താരം വാർത്തകളിൽ ഇടം നേടിയിരുന്നു.