എറണാകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങൾ പിൻവലിക്കുക, അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊച്ചിയിൽ ഇടത് എം.പിമാരുടെ പ്രതിഷേധം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിനു മുന്നിലാണ് എം.പിമാർ പ്രതിഷേധിച്ചത്. ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ലക്ഷദ്വീപിനെ ഒരു തുറന്ന ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാറിൻ്റെ ശ്രമം അനുവദിക്കില്ലന്ന് വിജയരാഘവൻ പറഞ്ഞു. ദ്വീപിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ കടന്നാക്രമിക്കുന്ന ശൈലിയാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിക്കുന്നത്. മതത്തിൻ്റെ കണ്ണിലൂടെയല്ല ലക്ഷദ്വീപിനെ കാണേണ്ടത്. ജനാധിപത്യാവകാശങ്ങൾ ജനപ്രതിനിധികൾക്ക് തന്നെ നിഷേധിച്ചിരിക്കുന്ന ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ നടപടി പ്രതിഷേധാർഹമാണ്.