എറണാകുളം: സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ചത് ഫോണിലൂടെ കടമായി വാങ്ങിയ ടിക്കറ്റിന്. ചക്കംകുളങ്ങര പാലചോട്ടിൽ പി.കെ ചന്ദ്രനെ തേടിയാണ് ഈ ഭാഗ്യമെത്തിയത്. പട്ടിമറ്റം ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്ത് വിൽപ്പന നടത്തുന്ന വലമ്പൂർ സ്വദേശിനി സ്മിജ കെ മോഹനനാണ് ചന്ദ്രന് ടിക്കറ്റ് കടമായി നൽകിയത്. ചുണങ്ങുംവേലി രാജഗിരി ആശുപത്രിക്ക് മുമ്പിലാണ് സ്മിജ ലോട്ടറി വിൽക്കുന്നത്.
'കടം നല്‍കിയ ലോട്ടറിക്ക് ഒന്നാം സമ്മാനം'; മനസു പതറാതെ സ്മിജ - ലോട്ടറി
ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും.
നറുക്കെടുപ്പ് ദിവസമായ ഞായറാഴ്ച്ച ഉച്ചയായിട്ടും വിറ്റുപോകാതെ സ്മിജയുടെ പക്കൽ ബാക്കിയായ 12 ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം അടിച്ചത്. സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന പലരെയും വിളിച്ചു സ്മിജ ടിക്കറ്റ് വേണോ എന്ന് തിരക്കിയിരുന്നു. അക്കൂട്ടത്തിലാണ് ചന്ദ്രനെയും വിളിച്ചത്. കൈവശമുള്ള ടിക്കറ്റുകളുടെ നമ്പറുകൾ സ്മിജ പറഞ്ഞപ്പോൾ അതിൽ നിന്ന് SD 316142 നമ്പർ ടിക്കറ്റ് മാറ്റി വയ്ക്കാനും ടിക്കറ്റ് വിലയായ 200 രൂപ പിറ്റേന്നു തരാമെന്നും ചന്ദ്രൻ പറഞ്ഞിരുന്നു. സ്മിജ ടിക്കറ്റ് മാറ്റി വച്ച ശേഷം അതിന്‍റെ ഫോട്ടോ ചന്ദ്രന് വാട്സപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷം നറുക്കെടുപ്പ് ഫലം വന്നപ്പോഴാണ് മാറ്റിവെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് അറിഞ്ഞത്.
അന്ന് തന്നെ ടിക്കറ്റുമായി സ്മിജ തന്‍റെ ഭർത്താവായ രാജേശ്വരനെയും കൂട്ടി ചന്ദ്രനെ ടിക്കറ്റ് ഏൽപ്പിക്കുകയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽകാലിക ജീവനക്കാരിയായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. ജോലി നഷ്ടപ്പെട്ടപ്പോഴാണ് ചുണങ്ങുവേലിയിൽ ലോട്ടറി കച്ചവടം തുടങ്ങിയത്. കോടികളുടെ പ്രലോഭനത്തിന് മുന്നിലും മിഴിയടക്കാത്ത സത്യസന്ധത ഇന്നും നിലനിൽക്കുന്നു എന്നതിന് തെളിവാണ് സ്മിജ.