എറണാകുളം : സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് വൈദ്യസഹായം നൽകണമെന്ന ഹർജിയിൽ സര്‍ക്കാരിന്‍റെ നിലപാട് ആരാഞ്ഞ് ഹൈക്കോടതി. രോഗം ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്കാവശ്യമായ മരുന്നിന് 18 കോടി രൂപ ചെലവുവരും.
ജസ്റ്റിസ് എൻ. നാഗരേഷാണ് ഹര്‍ജി പരിഗണിച്ചത്. വാദം കേൾക്കാനായി ഫെബ്രുവരി 28ന് ഹർജി വീണ്ടും പരിഗണിക്കും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട ഏകദേശം 18 കോടി രൂപ വിലവരുന്ന ഒനസെംനോജെൻ അബെപാർവോവെക് (സോൾജെൻസ്‌മ) എന്ന മരുന്ന് നൽകിയാൽ മാത്രമേ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനാകൂവെന്ന് അഭിഭാഷകനായ മനസ് പി. ഹമീദ് മുഖേന സമർപ്പിച്ച ഹർജിയിൽ പിതാവ് പറയുന്നു.
18 കോടി രൂപ വിലവരുന്ന മരുന്ന് വാങ്ങാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ലെന്നും അതിനാൽ മരുന്ന് ലഭ്യമാക്കേണ്ട ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും ഹർജിയിൽ പറയുന്നു. എസ്എംഎ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി കല്ല്യാശ്ശേരി എംഎൽഎ എം. വിജിൻ അധ്യക്ഷനായ സമിതി ഏകദേശം 46 കോടി രൂപ സമാഹരിച്ചിരുന്നു.