എറണാകുളം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് താൽക്കാലിക ആശ്വാസം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുര സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. നിലവിൽ സിസ്റ്റർ ലൂസി താമസിക്കുന്ന കാരക്കാമല കോൺവെന്‍റിൽ ഒഴികെ മറ്റ് എവിടെ താമസിച്ചാലും സുരക്ഷ നൽകാൻ പൊലീസിന് കോടതി നിർദേശം നൽകി.
കോൺവെന്‍റിലെ താമസകാര്യം മുൻസിഫ് കോടതിയിൽ
അതേസമയം കോൺവെന്‍റിൽ നിന്നും ഇറങ്ങാൻ ഹൈക്കോടതിക്ക് പറയാനാവില്ല എന്ന് കോടതി വ്യക്തമാക്കി. അത് തീരുമാനിക്കേണ്ടത് മുൻസിഫ് കോടതിയാണ്. മുൻസിഫ് കോടതിയിലുള്ള കേസ്, മൂന്ന് ആഴ്ചക്കുള്ളിൽ തീർപ്പാക്കാനും കോടതി നിർദ്ദേശിച്ചു. കോൺവെന്‍റിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സിസ്റ്റർ ലൂസി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
സ്വന്തമായി കേസ് വാദിച്ച് സിസ്റ്റർ ലൂസി
പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സിസ്റ്റർ ലൂസി തന്നെ സ്വന്തമായി കേസ് വാദിച്ചിരുന്നു. ഹൈക്കോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് അഭിഭാഷകയല്ലാത്ത ഒരു കന്യാസ്ത്രീ കേസ് വാദിച്ചത്. മഠത്തിൽ കഴിയുമ്പോൾ പൊലീസ് സംരക്ഷണം നൽകാൻ കഴിയില്ലന്ന് അന്ന് തന്നെ കോടതി വ്യക്തമാക്കിയിരുന്നു. തെരുവിലേക്ക് വലിച്ചെറിയരുതെന്നായിരുന്നു സിസ്റ്റർ ലൂസി കോടതിയിൽ ആവശ്യപ്പെട്ടത്.
More read: സ്വയം കേസ് വാദിച്ച് സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കൽ; സിസ്റ്റർ മഠത്തിൽ നിന്നൊഴിയണമെന്ന് ഹൈക്കോടതി
എഫ്.സി.സി സന്യാസി മഠത്തിൽ നിന്നും പുറത്താക്കിയതിനെതിരെ സിവിൽ കോടതിയിൽ കേസ് നിലവിലുണ്ട്. ഈ കേസിൽ തീരുമാനമാകുന്നത് വരെ മഠത്തിൽ തന്നെ തുടരാൻ അനുവദിക്കണമെന്നും സിസ്റ്റർ ലൂസി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മുൻസിഫ് കോടതി വേഗത്തിൽ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
വാദത്തിനിടെ സിസ്റ്റർ മഠത്തിൽ നിന്ന് ഒഴിയുന്നതാണ് നല്ലതെന്ന കോടതി പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി രംഗത്ത് വന്നിരുന്നു. ഒരു കോടതി പറഞ്ഞാലും മഠത്തിൽ നിന്ന് ഒഴിയില്ലെന്നായിരുന്നു സിസ്റ്റ്റർ ലൂസി അന്ന് നിലപാടെടുത്തിരുന്നത്. സഭ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ച് സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‍സിസി കോൺവെന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാനും അടുത്തിടെ ശരിവെച്ചിരുന്നു. എന്നാൽ ഇത് വത്തിക്കാൻ തീരുമാനമല്ലെന്ന് പ്രതികരിച്ച സിസ്റ്റർ ലൂസി കളപ്പുര, മഠം വിട്ടുപോകാൻ തയ്യാറായില്ല.
Also read:ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കി; ഉത്തരവ് വ്യാജമെന്ന് സിസ്റ്റർ ലൂസി