എറണാകുളം:ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം സിസ്റ്റർ ലൂസി കളപ്പുരക്കലിന്‍റെ ആത്മകഥയായ 'കർത്താവിന്‍റെ നാമത്തിൽ' പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ്ബിലാണ് പ്രകാശന ചടങ്ങ് നടന്നത്. എഴുത്തുകാരൻ ബെന്യാമിൻ,അഡ്വക്കേറ്റ് എം.എസ് സജി, വിധു വിൻസെന്‍റ് തുടങ്ങിയവർക്കൊപ്പം ലൂസി കളപ്പുരക്കലും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. 'കർത്താവിന്‍റെ നാമത്തിൽ 'എന്ന ആത്മകഥ പുറത്തിറക്കുന്നതിൽ ഭീഷണി ഉണ്ടെങ്കിലും മഠത്തിലെ അവസ്ഥകൾ പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്‍റെ ആത്മകഥയായ 'കര്‍ത്താവിന്‍റെ നാമത്തില്‍' പ്രകാശനം ചെയ്തു - sister lucy autobiography is released at ernakulam press club
തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നതെന്ന് പുസ്തക പ്രകാശന ചടങ്ങില്‍ എഴുത്തുകാരൻ ബെന്യാമിൻ
ഒരു കന്യാസ്ത്രീയെയും അവർ എഴുതിയ പുസ്തകത്തെയും കത്തോലിക്കാസഭ എന്തിനാണ് ഇത്രയധികം പേടിക്കുന്നതെന്ന് ബെന്യാമിൻ ചോദിച്ചു. തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയിൽ സിസ്റ്റർ ലൂസി നേരിട്ട സംഭവങ്ങളെ കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് 'കര്‍ത്താവിന്‍റെ നാമത്തില്‍'. മഠങ്ങളിൽ സന്ദർശകർ എന്ന വ്യാജേന എത്തുന്ന വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും തന്‍റെ സന്യാസ ജീവിതം ആരംഭിച്ചകാലം മുതൽ വൈദികർ പലതവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് വിവാദമായത്.
സിസ്റ്റർ ലൂസി കളപ്പുരക്കലിന്‍റെ പുസ്തകപ്രകാശനം തടയണമെന്ന് ആവശ്യപ്പെട്ട് കെ.എം.ഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പുസ്തകത്തിലെ ഉള്ളടക്കങ്ങളെ കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.