എറണാകുളം: മനുഷ്യായുസ്സില്‍ ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് അവയവദാനം. അതിലൂടെ ഒരു ജീവൻ രക്ഷിക്കാനാകും. ആതുര ശുശ്രൂഷയ്ക്കൊപ്പം വൃക്ക ദാനം ചെയ്തും മാതൃകയാവുകയാണ് സിസ്‌റ്റർ ജാൻസി. മാത്രമല്ല ഈ ആരോഗ്യ പ്രവർത്തകയുടെ തീരുമാനം മറ്റ് രണ്ടുപേര്‍ വൃക്ക ദാനം ചെയ്യുന്നതിന് കാരണമാകുകയും ചെയ്തു.
വൃക്ക ദാനം ചെയ്‌ത് സിസ്‌റ്റർ ജാൻസി, കനിവാര്‍ന്ന മാതൃക - Kidney donation
സാമൂഹ്യ പ്രതിബദ്ധതയും സേവന തൽപരതയുമാണ് വൃക്ക ദാതാവാകാന്‍ നഴ്‌സ് ആയ സിസ്‌റ്റർ ജാൻസിയെ പ്രേരിപ്പിച്ചത്.
സാമൂഹ്യ പ്രതിബദ്ധതയും സേവന തൽപരതയുമാണ് ഒരു വൃക്ക ദാതാവായി മാറാൻ നഴ്‌സ് ആയ സിസ്‌റ്റർ ജാൻസിയെ പ്രേരിപ്പിച്ചത്. പാവപ്പെട്ട ഒരാൾക്ക് വൃക്ക നൽകണമെന്നായിരുന്നു ജാന്‍സിയുടെ ആഗ്രഹം. ഇതിനിടെയാണ് ഒ പോസിറ്റീവ് ഗ്രൂപ്പിലുള്ള വൃക്കയ്ക്കായി തൃശൂർ സ്വദേശി ലാൽ കിഷന്‍റെ കുടുംബം ജാൻസി പ്രവര്‍ത്തിക്കുന്ന ലിസി ആശുപത്രിയെ സമീപിക്കുന്നത്. ഭാര്യ ശ്രുതിയുടെ എ പോസിറ്റീവ് വൃക്ക നൽകിയാൽ തനിക്ക് ഒ പോസിറ്റീവ് വൃക്ക കിട്ടുമോ എന്നായിരുന്നു ലാല്‍ കിഷന്‍റെ അന്വേഷണം. ഇതോടെ ജാൻസിയുടെ വൃക്ക ലാൽ കിഷന് നൽകാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ വൃക്ക എ പൊസിറ്റീവ് വൃക്കയ്ക്ക് വേണ്ടി നാളുകളായി കാത്തിരുന്ന നിർമാണ തൊഴിലാളിയായ ആലപ്പുഴ തോട്ടപ്പള്ളി പഴയചിറ അനിലിന് നൽകാനും തീരുമാനിച്ചു.
അതേസമയം ആ കടം ദാനമായി വീട്ടാൻ അനിലിന്‍റെ സഹോദരൻ സിജുവും തയ്യാറായി. സിജുവിന്‍റെ ബി പോസിറ്റീവ് വൃക്ക മലപ്പുറം സൗത്ത് പള്ളുവങ്ങാട്ടിലെ നിർധന കുടുംബാംഗമായ അർച്ചനയ്‌ക്ക് നൽകി. ഇതോടെ മൂന്ന് ദാതാക്കളും മൂന്ന് സ്വീകർത്താക്കളുമായി അവയവദാനത്തിന്‍റെ അപൂർവ ശൃംഖല രൂപം കൊണ്ടു. ഇതിനെല്ലാം കാരണമായതാകട്ടെ വൃക്ക ദാനം ചെയ്യാനുളള സിസ്റ്റര്‍ ലിസിയുടെ തീരുമാനവും. ലിസി ആശുപത്രിയിൽ വാർഡ് ഇൻചാർജ് ആയി സേവനമനുഷ്ഠിക്കുകയാണ് സി എം സി സന്യാസ സഭാംഗം കൂടിയായ സിസ്‌റ്റർ ജാൻസി. അവയവ ദാനത്തിന്റെ ഭാഗമായവർ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്.