കൊച്ചി:സിസ്റ്റർ അഭയ കേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്‌ടർമാരെ സാക്ഷികളായി വിസ്‌തരിക്കണമെന്ന സിബിഐ കോടതി വിധി ഹൈക്കോടതി തള്ളി. നാർക്കോ പരിശോധനയുമായി ബന്ധപ്പെട്ട ഒരു സാക്ഷികളെയും വിസ്‌തരിക്കരുതെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കി.
അഭയ കേസ്; നാർക്കോ പരിശോധന നടത്തിയ ഡോക്‌ടർമാരെ സാക്ഷികളായി വിസ്‌തരിക്കാനാവില്ലെന്ന് ഹൈക്കോടതി - abhaya case
നാർക്കോ പരിശോധന നടത്തിയ സാക്ഷികളെ വിസ്‌തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
അഭയ കേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്‌ടർമാരായ കൃഷ്‌ണവേണി, പ്രവീൺ പർവതപ്പ എന്നിവരെ വിസ്‌തരിക്കണമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിബിഐ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ പ്രതിഭാഗം എതിർത്തിരുന്നുവെങ്കിലും സാക്ഷികളെ വിസ്‌തരിക്കുന്ന ഘട്ടത്തിൽ വെളിപ്പെടുന്ന കാര്യങ്ങൾ പരിശോധിച്ച്, ഇത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണോയെന്ന് പരിശോധിക്കാമെന്നായിരുന്നു കീഴ്കോടതിയുടെ നിലപാട്.
തുടർന്ന് നാർക്കോ പരിശോധന നടത്തിയ സാക്ഷികളെ വിസ്‌തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷെല്‍വി കേസിലെ സുപ്രീംകോടതി വിധിപ്രകാരം നാർക്കോ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും അതിനാൽ ഇത്തരം തെളിവുകൾ സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.