എറണാകുളം: സിൽവർ ലൈൻ കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യുഡിഎഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജിപിഎസ് വഴി സാമൂഹിക ആഘാത പഠനം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. എന്നാലത് ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറായില്ല. സര്‍ക്കാര്‍ സര്‍വ്വെ കല്ലിടല്‍ നിര്‍ത്തിയതിന് പിന്നില്‍ തെറ്റുതിരുത്താനുള്ള ബുദ്ധിയാണെങ്കില്‍ അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതല്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെയുള്ള ഇടവേളയാണെങ്കില്‍ അത് കേരള ജനതയെ വഞ്ചിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിച്ച പ്രതിഷേധമാണ് ഇപ്പോള്‍ വിജയം കണ്ടത്. കേരളത്തിന്റെ പരിച്ഛേദം സമരമുഖത്തുണ്ടായിരുന്നു.
സ്ത്രീകളും കുട്ടികളും പ്രായമായവരും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അണിനിരന്നു. കല്ലിട്ടാല്‍ പിഴുതെറിയുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം പൊതുജനം ഏറ്റെടുത്തു. എന്നിട്ടും പ്രതികാര മനോഭാവത്തോടെ ജനങ്ങളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ കല്ലിടലുമായി മുന്നോട്ട് പോയത്.