എറണാകുളം :സിൽവർ ലൈൻ പദ്ധതി നടപ്പാക്കി ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യഥാർഥ വികസന വിരുദ്ധർ പിണറായിയും സി.പി.എമ്മുമാണ്. നവോഥാന നായകനാകാൻ ശ്രമിച്ച് ഓടിയൊളിച്ചത് പോലെ ഇവിടെയും പിണറായി ഓടിയൊളിക്കുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
സിൽവർ ലൈൻ പദ്ധതിയുടെ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തുന്നില്ല, സർവേ ഇല്ല, പാരിസ്ഥിതിക പഠനം ഇല്ല, കേന്ദ്ര സർക്കാർ അനുമതി ഇല്ല. കേരളത്തിൻ്റെ നിയമസഭയിൽ രണ്ട് മണിക്കൂർ ഈ വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം പോലും പരിഗണിച്ചില്ല. പദ്ധതിയെക്കുറിച്ച് സർക്കാർ ആദ്യം സി.പി.ഐയെയും, ശാസ്ത്ര സാഹിത്യ പരിഷത്തിനെയും ബോധ്യപ്പെടുത്തട്ടെ.
'ചർച്ച ചെയ്യാതെ മുന്നോട്ട് പോകാൻ അനുവദിക്കില്ല'
കേരളത്തിൽ സമരം നടത്താൻ യു.ഡി.എഫിന് ആരുടെയും പിന്തുണയാവശ്യമില്ല. ബി.ജെ.പി, ജമാഅത്ത് ഇസ്ലാമി ബന്ധം ആരോപിച്ച് സിൽവർ ലൈനിന് എതിരായ സമരം പൊളിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. യു.ഡി.എഫ് പഠനം നടത്തിയ ശേഷമാണ് എതിർക്കുന്നത്. ആദ്യം ഡി.പി.ആർ പുറത്ത് വിടട്ടെ. പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാതെ മുന്നോട്ട് പോകാൻ സർക്കാറിനെ അനുവദിക്കില്ല.
ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഹിന്ദു മതാഷ്ഠിത രാജ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ബാലിശമാണ്. ലീഗിനെ വിമർശിക്കുന്നത് ന്യൂനപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും മാറി മാറി പുണരുന്നു. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയും കോട്ടയത്ത് ബി.ജെ.പിയും സി.പി.എമ്മിൻ്റ ചങ്ങാതിമാരാണ്.