എറണാകുളം :പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സംഭവത്തില്‍ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും ചിലപ്പോഴോക്കെ മൗനമാണ് ഉത്തമമെന്നും പ്രൊഫസര്‍ ടി.ജെ ജോസഫ്. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഇരയാണ്. സംഘടനാനിരോധനം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. അതില്‍ രാഷ്ട്രീയ നേതാക്കളും സംഘടന പ്രതിനിധികളും പ്രതികരിക്കട്ടെ - ടി.ജെ ജോസഫ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആക്രമണങ്ങള്‍ക്ക് ഇരയായ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് താനും നിശബ്‌ദത പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷം മുമ്പ് ഇതേ സംഘടനയുടെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ കൈ വെട്ടിമാറ്റുകയായിരുന്നു.
2010 ജൂലൈയിലാണ് തൊടുപുഴ ന്യൂമാൻ കോളജിലെ മലയാള പ്രൊഫസറായ ടി.ജെ ജോസഫിന്‍റെ വലത് കൈപ്പത്തി മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറുത്തുമാറ്റിയത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേയായിരുന്നു ആക്രമണം. മലയാളം വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളിലൊന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകോപനത്തിന് കാരണമായത്.
എന്‍ഐഎ അന്വേഷണം നടത്തിയ കേസില്‍ 2015ല്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്. തന്‍റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ കുറിച്ച് അദ്ദേഹം തയ്യാറാക്കി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 'എ തൗസൻഡ് കട്ട്സ്: ആൻ ഇന്നസെന്‍റ് ക്വസ്റ്റ്യൻ ആൻഡ് ഡെഡ്ലി ആൻസേഴ്‌സ്' എന്ന പുസ്‌തകം അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തു.