എറണാകുളം:ലക്ഷദ്വീപില്‍ നിന്നും രോഗികളെ എയര്‍ ലിഫ്‌റ്റ് ചെയ്യുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ ഹൈക്കോടതി വിശദീകരണം തേടി. ഇതില്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. അടിയന്തര മെഡിക്കല്‍ ആവശ്യത്തിന് എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിനായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഇത് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അമിനി ദ്വീപ് നിവാസി മുഹമ്മദ് സാലിഹ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
രോഗികളെ എയര്‍ ലിഫ്ട് ചെയ്യുന്നത് തീരുമാനിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചത് അടിയന്തര തീരുമാനമെടുക്കാന്‍ വൈകുമെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. എന്നാല്‍ ലക്ഷദ്വീപില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 94 പേരെ നിയോഗിച്ചിട്ടുണ്ടെന്നും അങ്ങേയറ്റം അടിയന്തര സാഹചര്യമുണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കി മാത്രം എയര്‍ ലിഫ്ടിങ് അനുവദിച്ചാല്‍ മതിയെന്നുമാണ് തീരുമാനിച്ചതെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. തുടര്‍ന്നാണ് മൂന്നംഗ സമിതി തീരുമാനമെടുക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. മെയ് ഇരുപത്തിനാലിനാണ് ഉത്തരവിറങ്ങിയതെന്നും ഇതിനുശേഷം പതിമൂന്നു പേരെ എയര്‍ ലിഫ്ട് ചെയ്‌തെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. ഓരോ തവണയും രോഗികളെ എയര്‍ ലിഫ്ട് ചെയ്യുന്നതിന് വന്‍തുക ചെലവുണ്ടെന്നും ഇതു പരമാവധി കുറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ ലക്ഷദ്വീപില്‍ തന്നെ മികച്ച ചികിത്സ ഉറപ്പാക്കിയെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിശദീകരിച്ചു.ഹര്‍ജി പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാന്‍ ഡിവിഷൻ ബെഞ്ച് മാറ്റിവച്ചു.