എറണാകുളം : ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കോസ്‌റ്റൽ പൊലീസ്. നേവിയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റുവെന്ന സംശയത്തിൽ നാവിക സേനയുടെ ഫയറിംഗ് പരിശീലന രേഖകള്‍ കോസ്റ്റൽ പൊലീസ് പരിശോധിച്ചു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും വിലയിരുത്തി.
അന്വേഷണവുമായി സഹകരിക്കുമെന്നും മത്സ്യബന്ധന ബോട്ടില്‍ നിന്നും കണ്ടെത്തിയ വെടിയുണ്ട തങ്ങളുടേതല്ലെന്നും നാവികസേന മുൻപ് വ്യക്തമാക്കിയിരുന്നു. കോസ്റ്റല്‍ പൊലീസിന്‍റെ ആവശ്യപ്രകാരം ഫയറിംഗ് പരിശീലന രേഖകള്‍ നാവികസേന ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും വെടിയുണ്ട എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
കേസിൽ ബാലിസ്റ്റിക് വിദഗ്‌ധന്‍റെ സഹായം തേടും. തങ്ങളുടെ പരിശീലനം നടത്തുന്ന തോക്കിൽ നിന്നുളള ബുളളറ്റല്ല ബോട്ടിൽ നിന്ന് കിട്ടിയതെന്നാണ് നാവിക സേന അറിയിച്ചത്. ഐഎന്‍എസ് ദ്രോണാചാര്യയില്‍ 20 മീറ്റര്‍ ഉയരമുളള ഭിത്തിയിലാണ് പരിശീലനം നടത്തുന്നത്.