എറണാകുളം: ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ഐഎൻഎസ് ദ്രോണാചാര്യയുടെ തോക്കുകൾ പരിശോധനയ്ക്കായി കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ഇൻസാസ് തോക്കുകളാണ് കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത തോക്കുകൾ ബാലിസ്റ്റിക് പരിശോധനയ്ക്കായി ഉടൻ തിരുവനന്തപുരം ഫോറൻസിക് ലാബിൽ അയക്കും.
നാവികസേനയുടെ തോക്കുകൾ കസ്റ്റഡിയിലെടുത്ത് കോസ്റ്റൽ പൊലീസ് ഏത് തോക്കിൽ നിന്നാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്ന് കണ്ടെത്തുന്നതിനാണ് നാവികസേനയുടെ തോക്കുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. തോക്കുകൾ കൈമാറാമെന്ന് നാവികസേന പൊലീസിനെ അറിയിച്ചിരുന്നു.
പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റുവെന്ന സംശയത്തിൽ നാവികസേനയുടെ ഫയറിങ് പരിശീലന രേഖകൾ കോസ്റ്റൽ പൊലീസ് പരിശോധിച്ചിരുന്നു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും ശേഖരിച്ചിരുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്നും മത്സ്യബന്ധന ബോട്ടില്‍ നിന്നും കണ്ടെത്തിയ വെടിയുണ്ട തങ്ങളുടേതല്ലെന്നും നാവികസേന വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും വെടിയുണ്ടയുടെ ഉറവിടം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങൾ പരിശീലനം നടത്തുന്ന തോക്കിൽ നിന്നുള്ള ബുള്ളറ്റല്ല ബോട്ടിൽ നിന്ന് കിട്ടിയതെന്നാണ് നാവികസേന അറിയിച്ചത്.
ഐഎന്‍എസ് ദ്രോണാചാര്യയില്‍ 20 മീറ്റര്‍ ഉയരമുള്ള ഭിത്തിയിലാണ് പരിശീലനം നടത്തുന്നത്. ഭിത്തിയില്‍ തട്ടിത്തെറിക്കുന്ന വെടിയുണ്ടകള്‍ ഒരു കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്ന ബോട്ടിലേക്ക് ഒരു കാരണവശാലും എത്തില്ലെന്നാണ് നേവിയുടെ വിശദീകരണം. പരിശീലനത്തിനിടെ ഉതിര്‍ക്കുന്ന വെടിയുണ്ടകള്‍ പരമാവധി 200 മീറ്റര്‍ ദൂരമെ സഞ്ചരിക്കൂവെന്നും പറയുന്നു.
ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് ഫോർട്ട് കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നത്. ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുള്ളറ്റെങ്കിൽ വെടിയുണ്ട ആരുടേതെന്ന് കണ്ടത്തേണ്ടത് ഗൗരവമേറിയ വിഷയമാണ്.
കഴിഞ്ഞ ഏഴാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കടലിൽ വെച്ച് ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍റെ വലതുചെവിയില്‍ വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ ബോട്ടിൽ നിൽക്കുകയായിരുന്ന സെബാസ്റ്റ്യൻ വെടിയേറ്റ് ബോട്ടിൽ വീഴുകയായിരുന്നു. ബോട്ടിലുള്ള മറ്റുള്ളവർ ഇയാളെ ഫോർട്ട് കൊച്ചിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു.